വശങ്ങളിൽ മണ്ണിടാതെ റോഡ് നിർമ്മാണം പൂർത്തിയാക്കി

Wednesday 11 January 2023 12:47 AM IST
വശങ്ങളിൽ മണ്ണിടാതെ നിർമാണം പൂർത്തിയാക്കിയ മുറിപ്പാറ - പന്നിക്കുഴി റോഡ്

ചെന്നീർക്കര : മുറിപ്പാറ തേക്കിൽപ്പടി - പന്നിക്കുഴി, അമ്പലത്തുംപാട് - രാമൻചിറ റോഡുകളുടെ നിർമ്മാണത്തിൽ അശാസ്ത്രീയതയെന്ന് ആക്ഷേപം. ടാർ ചെയ്തതിനെ തുടർന്ന് റോഡ് ഉയർന്നപ്പോൾ വശങ്ങളിലെ താഴ്ചയിൽ മണ്ണ് നിറച്ചില്ല. ഇതുകാരണം വാഹനങ്ങൾ വശം ചേർക്കുമ്പോൾ താഴ്ചയിലേക്ക് ചാടുന്നു. കനത്ത മഴ പെയ്യുമ്പോൾ ടാറിംഗ് വശങ്ങളിൽ നിന്ന് പൊളിയാനും ഇതു കാരണമാകും. നിർമ്മാണം പൂർത്തിയാക്കിയ കരാറുകാരനോടും എൻജിനീയറോടും നാട്ടുകാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും നടപടി ഉണ്ടായില്ല. തേക്കിൽപ്പടി - പന്നിക്കുഴി റോഡ് മൂന്ന് കിലോമീറ്റർ നീളത്തിലാണ് പുനർനിർമ്മിച്ചത്. അമ്പലത്തുംപാട് - രാമൻചിറ റോഡ് ഒന്നര കിലോമീറ്റർ നീളത്തിലും നിർമ്മിച്ചു. ചെന്നീർക്കര പഞ്ചായത്തിലെ 10, 12 വാർഡുകളിലൂടെയാണ് റോഡുകളുടെ പ്രധാന ഭാഗം കടന്നുപോകുന്നത്. റോഡുകളിലെ ടാറിംഗ് പൂർത്തിയായി ഒരാഴ്ച പിന്നിട്ടു.

റോഡിന്റെ വശങ്ങളിൽ മണ്ണിടുന്നത് തങ്ങളല്ലെന്ന് കരാറുകാരൻ നാട്ടുകാരോട് പറഞ്ഞു. ഇക്കാര്യം സ്ഥലത്തുണ്ടായിരുന്ന എൻജിനീയറുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പ്രതികരിച്ചില്ല. വശങ്ങളിൽ മണ്ണിടുന്നത് ഉൾപ്പെടെയാണ് റോഡ് പണിക്ക് കരാർ നൽകിയിരിക്കുന്നതെന്ന് അറിയുന്നു. ബസ് ഗതാഗതമുള്ള റോഡിന് പൊതുവെ വീതി കുറവാണ്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ അപകടമുണ്ടാകാൻ സാദ്ധ്യതയേറെയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ചെന്നീർക്കര എെ.ടി.എെ, കൃഷിഭവൻ, ചെന്നീർക്കര എസ്.എൻ.ഡി.പി സ്കൂൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ റോഡിന്റെ ഇരു ഭാഗങ്ങളിലുമുണ്ട്.

'' റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിക്കണം. വശങ്ങളിൽ മണ്ണ് നിറച്ചില്ലെങ്കിൽ അപകടങ്ങളുണ്ടാകും.

അഭിരാജ്, ചെന്നീർക്കര.