തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും

Wednesday 11 January 2023 12:54 AM IST

പന്തളം : ശബരിമലയിൽ മകരവിളക്കിന് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും. രാവിലെ 11ന് വലിയരാജ മകയിരംനാൾ രാഘവ വർമ്മ രാജയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിക്കും. 11.15ന് രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മയെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്ന് സ്വീകരിക്കും. 11.30ന് ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണപേടക വാഹക സംഘത്തെ മണികണ്ഠനാൽത്തറയിൽ നിന്ന് സ്വീകരിക്കും. ഉച്ചയ്ക്ക് 12.15ന് സംഘത്തിന് വലിയ തമ്പുരാൻ ഭസ്മം നൽകി അനുഗ്രഹിക്കും. 12.25ന്‌ നട അടയ്ക്കും. 12.35ന്‌ പേടകം അടയ്ക്കും. 12.45ന്‌ ക്ഷേത്ര മേൽശാന്തി ഉടവാൾ പൂജിച്ച് വലിയ തമ്പുരാന് നൽകും. 12.50ന് വലിയ തമ്പുരാൻ രാജപ്രതിനിധിക്ക് ഉടവാൾ കൈമാറും. 12.55ന്‌ മേൽശാന്തി പേടകത്തിന് നീരാജനമുഴിയും. ഉച്ചയ്ക്ക് ഒന്നിന് ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻപിള്ള തിരുവാഭരണപേടകം ശിരസിലേറ്റി ശ്രീകോവിലിന് വലംവച്ച്‌ ക്ഷേത്രത്തിന് പുറത്തേക്ക് വരുന്നതോടെ ഘോഷയാത്ര ആരംഭിക്കും.

തിരുമുഖമടങ്ങുന്ന പ്രധാനപേടകം ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻപിള്ളയും വെള്ളിയാഭരണങ്ങളടങ്ങുന്ന കലശപ്പെട്ടി മരുതമന ശിവൻപിള്ളയും കൊടിയും ജീവിതയുമടങ്ങുന്ന കൊടിപ്പെട്ടി കിഴക്കേത്തോട്ടത്തിൽ ബി.പ്രതാപചന്ദ്രൻ നായരുമാണ് ശിരസിലേറ്റുക. രാജപ്രതിനിധി ഘോഷയാത്ര നയിക്കും. ശബരിമലയ്ക്ക് യാത്ര തിരിക്കുന്ന രാജപ്രതിനിധി കൈപ്പുഴ കൊട്ടാരത്തിലെത്തി ഭക്ഷണവും കഴിച്ചു വലിയതമ്പുരാട്ടിയുടെ അനുഗ്രഹവും വാങ്ങി പരദേവതയായ മധുരമീനാക്ഷി സങ്കല്പത്തിലുള്ള മണ്ണടി ഭഗവതിയെ വണങ്ങി യാത്ര തുടരും.

പന്തളത്ത് തീർത്ഥാടക പ്രവാഹം

തിരുവാഭരണഘോഷയാത്രയെ അനുഗമിക്കാൻ ഇരുമുടിക്കെട്ടേന്തിയ ആയിരക്കണക്കിന് അയ്യപ്പന്മാരാണ് ഇന്നലെ മുതൽ പന്തളത്തെത്തിയത്. വലിയ കോയിക്കൽ ക്ഷേത്രദർശനത്തിനും തിരുവാഭരണ ദർശനത്തിനും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

പരമ്പരാഗത പാതയിലൂടെ ഘോഷയാത്രയെ അനുഗമിക്കാനാണ് കൊച്ചു കുട്ടികളുൾപ്പെടെയുള്ള അയ്യപ്പന്മാരും മാളികപ്പുറങ്ങളും വ്രതശുദ്ധിയോടെ എത്തിയത്.


പന്തളത്ത് നാളെ ഗതാഗത നിയന്ത്രണം

പന്തളം : തിരക്കുകണക്കിലെടുത്ത് പന്തളത്ത് നാളെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. എം.സി റോഡിൽ ചെങ്ങന്നൂർ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ കുറുന്തോട്ടയം കവലയിൽ നിന്ന് തിരിഞ്ഞ് തുമ്പമൺ, അമ്പലക്കടവ്, കുളനട വഴിയും അടൂർ ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ കുളനട ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് അമ്പലക്കടവ്, തുമ്പമൺ വഴി പന്തളം കുറുന്തോട്ടയം ജംഗ്ഷനിലെത്തിയും പോകേണ്ടതാണ്. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷൻ മുതൽ കുളനട വരെ എം.സി റോഡിനിരുവശത്തും വാഹന പാർക്കിംഗും അനുവദിക്കില്ല.

Advertisement
Advertisement