ഇരിപ്പിടമില്ലാതെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ; ഹെെടെക്കാണ് പക്ഷേ എവിടെ ഇരിക്കും !

Wednesday 11 January 2023 12:02 AM IST

കോഴിക്കോട്: നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെല്ലാം ഹെെട്ടെക്കാണ്. പക്ഷേ, എവിടെ ഇരിക്കുമെന്ന് മാത്രം ചോദിക്കരുത് !. ചില സ്ഥലങ്ങളിൽ സീറ്റുകൾ ഉണ്ടെങ്കിലും ഇരിക്കാൻ മാത്രം കഴിയില്ല. രണ്ട് കമ്പികൾ വളച്ചതാണ് ഇരിപ്പിടം. നടക്കാവ്, ബി.ഇ.എം സ്കൂളിന് മുൻവശം,മോ‌ഡൽ സ്കൂളിന് മുൻവശം, ഫാത്തിമ ഹോസ്പിറ്റലിന് മുൻവശം, ചേവായൂർ, കോട്ടൂളി തുടങ്ങി നഗരത്തിലെ മിക്കയിടങ്ങളിലെയും ബസ് സ്റ്റോപ്പുകളിൽ ഇരിക്കാൻ ഇരിപ്പിടമില്ല.

മിഠായിത്തെരുവ്, ടൗൺഹാളിന് മുൻവശം എന്നിവിടങ്ങളിലെ ബസ്‌ സ്റ്റോപ്പുകളിലും കമ്പികളാണ് ഇരിപ്പിടം. ചിലയിടങ്ങളിൽ ഇരുമ്പ് കുറ്റികളാണ് ആശ്രയം. ഇരിപ്പിടമില്ലാത്തതിനാൽ മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും പലപ്പോഴും നിലത്താണ് ഇരിക്കുന്നത്. ബസ് ഷെൽട്ടറുകൾ പരസ്യങ്ങൾ വെക്കാനുള്ള ഇടം മാത്രമായിരിക്കുകയാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം. ഷെൽട്ടറിൽ ഇരുന്നാൽ പരസ്യ ബോർഡുകൾ കാരണം വരുന്ന ബസുകൾ കാണാൻ കഴിയാത്തതിനാൽ റോഡിലേക്ക് ഇറങ്ങി നിൽക്കുകയാണ് യാത്രക്കാർ.

കോർപ്പറേഷൻ എൻജിനിയറിംഗ് വിഭാഗവും പി.ഡബ്ല്യു.ഡിയുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നത്.

സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന് കീഴിൽ നിർമ്മിച്ച ചില ബസ് ഷെൽട്ടറുകൾ മോശം അവസ്ഥയിലാണ്.
നഗരത്തിലെ 33 സ്ഥലങ്ങളിൽ ബസ് ബേകൾ ആവശ്യമാണെന്ന് റീജിയണൽ ടൗൺ പ്ലാനർ 2015ൽ ചൂണ്ടിക്കാട്ടിയിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി-കാലിക്കറ്റുമായി ചേർന്ന് ഇതിനായി പഠനവും നടത്തിയിരുന്നു. വെയിറ്റിംഗ് ഷെൽട്ടറുകൾ, എഫ്.എം റേഡിയോ, ലൈറ്റുകൾ, ഇരിപ്പിടങ്ങൾ എന്നിവയും അടിയന്തര സേവനങ്ങളുടെ പ്രദർശനവും ഉൾക്കൊള്ളുന്ന ആധുനിക ബസ് ബേകൾ സ്ഥാപിക്കണമെന്നായിരുന്നു ശുപാർശ. ഗതാഗതം തടസ്സപ്പെടാത്ത വിധത്തിൽ റോഡുകൾക്ക് പുറത്ത് ബേകൾ നിർമിക്കണം. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് പുറത്ത് ഇത്തരമൊരു ആധുനിക സൗകര്യം ഉണ്ടെങ്കിലും മറ്റിടങ്ങളിലെ ബസ് ബേ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.

''ഇത്തരം പ്രശ്നങ്ങൾ ഇതുവരെ ശ്രദ്ധയിൽപെട്ടിട്ടില്ല. നടപടി ഉടൻ സ്വീകരിക്കും''- പി.സി രാജൻ, ചെയർമാൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി, കോർപ്പറേഷൻ

''നഗരത്തിലെ പല ബസ് സ്റ്റോപ്പുകളും പരസ്യകേന്ദ്രമായി മാറിയിരിക്കുകയാണ്. ആളുകൾക്ക് ഇരിക്കാൻ ഇരിപ്പിടമില്ല. ക്ഷീണിച്ചു വരുന്ന യാത്രക്കാർക്ക് നിലത്ത് ഇരിക്കേണ്ട അവസ്ഥ. ആളുകൾക്ക് ഇരിക്കാൻ വേണ്ടിയാണോ അതോ പരസ്യം വെക്കാനുള്ള കേന്ദ്രമായിട്ടാണോ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പണിയുന്നതെന്ന് അധികൃതർ വ്യക്തമാക്കണം ''-കെ.സി ശോഭിത- പ്രതിപക്ഷ കൗൺസിലർ,

Advertisement
Advertisement