ശബരിമലയുടെ പരിശുദ്ധി തീർത്ഥാടകരുടെ കടമ: മേൽശാന്തി

Wednesday 11 January 2023 12:56 AM IST

ശബരിമല : ശബരിമലയുടെ വിശുദ്ധിയും പരിശുദ്ധിയും കാക്കാനുള്ള ബാദ്ധ്യത ഇവിടെയെത്തുന്ന ഓരോ തീർത്ഥാടകന്റേത് കൂടിയാണെന്ന് ശബരിമല മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി പറഞ്ഞു. ആ കടമ നിർവഹിക്കാൻ ഓരോ സ്വാമിഭക്തരും തയ്യാറാകണം. മകരവിളക്കിന് മുന്നോടിയായി ഭക്തജനങ്ങൾക്ക് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിലോലമായ വനമേഖലയിലാണ് ശബരിമല ക്ഷേത്രമെന്ന കാര്യം മറന്നുകൂട. പതിനായിരങ്ങൾ ഒത്തൂകൂടുമ്പോൾ ഒരു ചെറിയ അശ്രദ്ധപോലും വലിയ ദുരന്തത്തിന് കാരണമായേക്കും. അധികാരികളുടെ ശ്രദ്ധ മാത്രമല്ല, ഓരോ ഭക്തന്റേയും ശ്രദ്ധയും സുഷ്മതയും പ്രധാനമാണെന്ന് കെ.ജയരാമൻ നമ്പൂതിരി പറഞ്ഞു. വെറുമൊരു ആഘോഷമല്ല മകരവിളക്കുൽസവം മറിച്ച് ഭക്തിനിർഭരവും വിശുദ്ധവുമായ ഒരാഘോഷമാണത്. അക്കാര്യം ആരും മറന്നുകൂട. ഭക്തജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി കരുതുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ കുന്നുകൂടിയാൽ അശുദ്ധമെന്നല്ല മാലിന്യമാണെന്നാണ് പറയേണ്ടത്. അഥവാ അത്തരം വസ്തുക്കൾ കൊണ്ടുവരേണ്ടി വന്നാലും ഈ പൂങ്കാവനത്തിൽ അവ ഉപേക്ഷിക്കരുത്. ശബരിമലയുടെ പരിശുദ്ധി കാക്കാൻ ഇവിടെയെത്തുന്ന ഓരോ ഭക്തനും ബാദ്ധ്യസ്ഥനാണ്, ആ കടമ മറക്കാതിരിക്കുക എന്നതാണ് ഈ മകരവിളക്ക് കാലത്ത് അയ്യപ്പസ്വാമിമാർ ചെയ്യേണ്ടതെന്ന് മേൽശാന്തി പറഞ്ഞു.

Advertisement
Advertisement