ഹെൽത്ത് കാർഡില്ലാതെ നിരവധി ജീവനക്കാർ, വച്ചുവിളമ്പുന്നവർക്കും വേണ്ടയോ വൃത്തി ?

Wednesday 11 January 2023 12:02 AM IST

പത്തനംതിട്ട : ഭക്ഷ്യവിഷബാധയെത്തുടർന്ന് നാടൊട്ടുക്കെ പരിശോധനയാണ്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം ഒരുക്കിയാൽ പിടിവീഴും. നല്ല ആഹാരം ലഭ്യമാക്കാനുള്ള അധികൃതരുടെ ഇടപെടൽ അഭിനന്ദനാർഹവുമാണ്. എന്നാൽ ഭക്ഷണം ഒരുക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും കാര്യത്തിലും ഇൗ ജാഗ്രത വേണ്ടയോ. ഇൗ കാര്യത്തിൽ ജാഗ്രത ഇല്ലായെന്ന് വേണം കരുതാൻ. ജില്ലയിലെ ഭക്ഷണശാലകളിൽ ഏറെയും ജോലി ചെയ്യുന്നത് അന്യസംസ്ഥാനക്കാരാണ്. ഇവരിൽ ഭൂരിഭാഗത്തിനും ഹെൽത്ത് കാർഡ് പോലുള്ള പ്രാഥമിക രേഖകൾ പോലും ഇല്ല. ഹെൽത്ത് കാർഡ് ആവശ്യപ്പെട്ടാൽ പലരും പണി മതിയാക്കി മടങ്ങും. അതുകൊണ്ട് തന്നെ പോകില്ലെന്ന് ഉറപ്പുള്ള ജീവനക്കാർക്ക് മാത്രമേ ഉടമ ഹെൽത്ത് കാർഡ് നൽകാൻ ശ്രമം നടത്തുകയുള്ളൂ. ജില്ലയിൽ ചെറുതും വലുതുമായ ആയിരത്തിലധികം ഹോട്ടലുകൾ പ്രവർത്തിക്കുന്നു. പതിനായിരത്തിലധികം ജീവനക്കാരുമുണ്ട്.

രോഗങ്ങളില്ലെന്ന് ഉറപ്പില്ല

പഴകിയതും വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കുന്ന ഭക്ഷണം നിരവധി ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കണ്ടെത്തിയതോടെ ഭക്ഷ്യ സുരക്ഷാവകുപ്പ് നോട്ടീസും പിഴയും നൽകുന്നുണ്ട്. എന്നാൽ ഇതിൽ ജീവനക്കാരിലെ വ്യക്തി ശുചിത്വമോ രോഗവിവരമോ പരിഗണിക്കപ്പെടുന്നില്ല. രണ്ടുവർഷം മുമ്പ് ജില്ലയിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന വ്യക്തിയ്ക്ക് മാരകമായ രോഗം സ്ഥിരീകരിച്ചിരുന്നു. മന്ത് , മലേറിയ തുടങ്ങിയ രോഗങ്ങളും റിപ്പോർട്ട് ചെയ്തു. അന്യസംസ്ഥാന തൊഴിലാളികളിലാണ് രോഗങ്ങൾ ഏറെയും കണ്ടെത്തിയത്. ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരും നിരവധിയുണ്ട്. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ മേശയിൽ എത്തിക്കുന്നത് വരെയുള്ള ജീവനക്കാർ രോഗികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

" ഭക്ഷണം മോശമായി പാകം ചെയ്യാൻ ഒരു ഉടമയും സമ്മതിക്കില്ല. ഹോട്ടലുടകൾക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പ് വരുത്താൻ അധികാരികൾ ശ്രമിക്കാറില്ല. കുടിക്കാനുള്ള വെള്ളമടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് സർക്കാർ മുൻകയ്യെടുത്ത് ഹോട്ടലുകളിൽ എത്തിക്കണം.

ഹോട്ടലുടമ

ജില്ലയിൽ 1000ൽ അധികം ഹോട്ടലുകൾ

ജനങ്ങളുടെ ആവശ്യം

വൃത്തിഹീനമായ ഹോട്ടലുകൾ കണ്ടെത്തിയ സ്ഥിതിയ്ക്ക് ആഴ്ചയിലൊരിക്കൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും പരിശോധന നടത്തണം.

ഹെൽത്ത് കാർഡ്

ഹോട്ടൽ തൊഴിലാളികളുടെ ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തിയ കാർഡ്. വിവിധ രോഗ പരിശോധനകൾക്ക് ശേഷം ആരോഗ്യവിഭാഗമാണ് ഹെൽത്ത് കാർഡ് നൽകുന്നത്.