കണ്ടൽക്കാട്ടിൽ മാലിന്യം തള്ളി തീയിട്ടു

Wednesday 11 January 2023 12:15 AM IST
കണ്ടലും കരിച്ച് ക്രൂരത... കൊല്ലം അഷ്ടമുടി കായലിൽ ശക്തികുളങ്ങര തെക്ക് ഭാഗത്ത് കണ്ടൽ കാട്ടിൽ മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ തീയിട്ടപ്പോൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ

കൊല്ലം: അഷ്ടമുടി കായലിൽ കണ്ടൽക്കാട്ടിൽ വീണ്ടും മാലിന്യം തള്ളി തീയിട്ടു. വിഷപ്പുക ഉയർന്നതോടെ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. അഷ്ടമുടി കായലിലെ ശക്തികുളങ്ങര തെക്കുംഭാഗം ഭാഗത്തെ കണ്ടലുകൾ നിറ‌ഞ്ഞുനിൽക്കുന്ന ആൾപാർപ്പിലാത്ത ചെറു തുരുത്തുകളിലാണ് ബോട്ടിന്റെ അവശിഷ്ടങ്ങൾ തള്ളി തീയിട്ടത്. പുലർച്ചെ പുക പടർന്ന് സമീപ വാസികൾക്ക് ശ്വാസ തടസം നേരിട്ടതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പരാതി നൽകി. കൊല്ലം തഹസീൽദാരുടെ നിർദേശ പ്രകാരം ശക്തികുളങ്ങര വില്ലേജ് ഓഫീസർ സ്ഥലത്തെത്തി അന്വേഷണം നടത്തി. മാസങ്ങളായി കായലിന്റെ ജൈവാവസ്ഥയെ തകർക്കുന്ന രീതിയിൽ കണ്ടൽ വനങ്ങൾക്കിടയിൽ വലിയ തോതിൽ പ്ലസ്റ്റിക് അവശിഷ്ടങ്ങൾ തള്ളിയ ശേഷം പുലർച്ചയോടെ തീ കൊളുത്തുകയാണ്.