നിലയ്ക്കൽ പാർക്കിംഗ് : കരാറുകാരനെ പുറത്താക്കി

Wednesday 11 January 2023 12:17 AM IST

കൊച്ചി: ശബരിമല നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ട് കരാറുകാരനെ പുറത്താക്കി പാർക്കിംഗ് ഫീസ് പിരിവ് ഏറ്റെടുത്തെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. കരാറുകാരൻ അടച്ച തുക, ഇടപാടുകളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ തുടങ്ങിയവ വ്യക്തമാക്കി ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർ രണ്ടു ദിവസത്തിനകം വിശദമായ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഇന്നു വീണ്ടും പരിഗണിക്കും.

നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിന്റെ ലേലത്തുകയുടെ ബാക്കി ആവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്ട്രേറ്റർ നോട്ടീസ് നൽകിയതിനെതിരെ കരാറുകാരൻ കൊല്ലം ശൂരനാടു സ്വദേശി കെ. സജീവൻ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. ലേലത്തുകയുടെ ബാക്കി തുകയ്ക്ക് ബാങ്ക് ഗാരന്റി നൽകാതെയാണ് കരാർ എടുത്തതെന്ന വിവരം മറച്ചുവച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതെന്ന് ഡിവിഷൻ ബെഞ്ച് പിന്നീടു കണ്ടെത്തി. ലേലത്തുകയുടെ ബാക്കി, പലിശ, ബാങ്ക് ഗാരന്റി എന്നിവ നൽകുന്നതിൽ വീഴ്ച വരുത്തിയ കരാറുകാരനെതിരെ നടപടിയെടുക്കുന്നതിൽ ദേവസ്വം കമ്മിഷണറും എക്സിക്യുട്ടീവ് ഓഫീസറും ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ഡിവിഷൻ ബെഞ്ച് വിമർശിച്ചു. നടപടിയെടുത്ത് അറിയിക്കാനും നിർദ്ദേശിച്ചു. ഇതിന്റെ തുടർച്ചയായാണ് കരാറുകാരനെ പുറത്താക്കിയത്. ലേലത്തുകയുടെ ബാക്കിയും പലിശയും ചേർത്ത് 1.32 കോടി രൂപയുടെ കുടിശികയാണ് കരാറുകാരൻ വരുത്തിയതെന്ന് ബോർഡ് കഴിഞ്ഞ ദിവസം കോടതിയിൽ അറിയിച്ചിരുന്നു.

Advertisement
Advertisement