സം​സ്കൃ​ത​ ​ക​ഥ​യെ​ഴു​ത്തിൽ താരമായി വിസ്മയ

Wednesday 11 January 2023 12:21 AM IST
സംസ്കൃത കഥാ രചനയിൽ എ ഗ്രേഡ് നേടിയ വിസ്മയ .

എഴുകോൺ: വർത്തമാന കാല സാമൂഹിക പശ്ചാത്തലത്തെ സന്നിവേശിപ്പിച്ച് സംസ്കൃത കഥയെഴുതിയ മിടുക്കി കലോത്സവത്തിൽ താരമായി. കുഴിമതിക്കാട് ഗവ.ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി എസ്.വിസ്മയയാണ് ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ കഥയെഴുതി നേട്ടം കൊയ്തത്. യുദ്ധക്കെടുതിയിൽ അകപ്പെട്ട മലയാളി വനിതാ ഡോക്ടറുടെ കാരുണ്യത്തെയാണ് കഥാ തന്തുവാക്കിയത്. കഷ്ടതകൾക്കിടയിലും കർത്തവ്യം മറക്കാത്ത ഡോക്ടറുടെ കഥ പതിവ് സംസ്കൃത കഥാ ചിട്ടവട്ടങ്ങളിൽ നിന്ന് വ്യത്യസ്ഥത പുലർത്തുന്നത് കൂടിയായി.

ഇടയ്ക്കിടം നടമേൽ സന്ധ്യാ ഭവനിൽ ഓട്ടോ റിക്ഷാ തൊഴിലാളിയായ ആർ.രാജീവിന്റെയും സന്ധ്യയുടെയും മകളാണ് വിസ്മയ. സന്ധ്യ പുരോഗമന കലാ സാഹിത്യ സംഘം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരി ശ്രേയയും മികച്ച കലാകാരിയാണ്. സംസ്കൃത അക്ഷര ശ്ലോകത്തിൽ ശ്രേയ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.