അബ്ദുറഹ്മാനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് അപമാനം: സതീശൻ

Wednesday 11 January 2023 12:25 AM IST

തിരുവനന്തപുരം: പട്ടിണി കിടക്കുന്നവൻ കളി കാണാൻ വരേണ്ടെന്ന് കായികമന്ത്രി പറഞ്ഞിട്ടും എം.വി. ഗോവിന്ദൻ ജനങ്ങളുടെ വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.

എം.വി. ഗോവിന്ദനും പിണറായി വിജയനും എന്ത് കമ്മ്യൂണിസ്റ്റാണ്? ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമാണ് പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന് പറഞ്ഞത്. സി.പി.എം സമ്പന്നരുടെ കൂടെയാണ്. ഇത് സി.പി.എമ്മിനുണ്ടായ ജീർണതയെ തുടർന്നുണ്ടായ മാറ്റമാണ്.ഈ മാറ്റമാണ് കേരളത്തിൽ സി.പി.എമ്മിനെ തകർക്കാൻ പോകുന്നത്. ഇ.പി. ജയരാജൻ കണ്ണൂരിൽ പടുത്തുയർത്തിയ റിസോർട്ട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ അഴിമതിയുടെ സ്മാരകമാണ്. ഭരണഘടനയെ തള്ളിപ്പറഞ്ഞയാളെ വീണ്ടും മന്ത്രിയാക്കി. സി.പി.എം ഇത്രയും വഷളായ കാലഘട്ടം കേരളത്തിലുണ്ടായിട്ടില്ല. അബ്ദുറഹ്മാനെ പോലെ ഒരാളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിന് അപമാനമാണെന്നും സതീശൻ പറ‌ഞ്ഞു.