പട്ടികജാതിക്കാർക്കെതിരായ അതിക്രമ കേസുകൾ തീർപ്പാക്കണം: ദേശീയ കമ്മിഷൻ

Wednesday 11 January 2023 12:36 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികജാതിക്കാർക്കെതിരായ പൊലീസ് അതിക്രമ കേസുകൾ ഉടൻ തീർപ്പാക്കണമെന്ന് ദേശീയ പട്ടികജാതി കമ്മിഷൻ വൈസ് ചെയർമാൻ അരുൺ ഹാൽദാർ പറഞ്ഞു.

പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട 15 കേസുകൾ കമ്മിഷൻ പരിഗണിച്ചിട്ടുണ്ടെന്നും നടപടി റിപ്പോർട്ട് നൽകാൻ പൊലീസിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പട്ടികജാതിക്കാരുടെ 13 കേസുകൾ പരിഹരിച്ചതായും ബാക്കിയുള്ളവ പരിഹരിക്കാൻ നിർദ്ദേശം നൽകിയതായും ഹാൽദർ പറഞ്ഞു. അതിക്രമം ശ്രദ്ധയിൽപ്പെട്ടാൽ, സ്ഥലം സന്ദർശിച്ച് പട്ടികജാതിക്കാരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുമെന്ന് എൻ.സി.എസ്.സി വൈസ് ചെയർമാൻ പറഞ്ഞു. ദേശീയ, സംസ്ഥാന പട്ടികജാതി കമ്മിഷനുകൾ പരാതികൾ പരിഹരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പട്ടികജാതിപട്ടികവർഗ കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി, ഡയറക്ടർ ജി.സുരേഷ് കുമാർ ബാബു, സീനിയർ ഇൻവെസ്റ്റിഗേറ്റർ ജി.ധന്യ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement