ബഫർ സോൺ : ഹർജി ഇന്ന് പരിഗണിക്കും; പ്രതീക്ഷയിൽ കേരളം

Wednesday 11 January 2023 12:48 AM IST

തിരുവനന്തപുരം; ബഫർ സോൺ വിഷയത്തിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുമ്പോൾ, ഹർജിയിൽ കക്ഷി ചേർന്ന കേരളം പ്രതീക്ഷയിൽ. സുപ്രീം കോടതിയുടെ കഴിഞ്ഞ വർഷം ജൂൺ മൂന്നിലെ വിധിയിൽ ഇളവു തേടിയാണ് ഹർജി.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ വേണമെന്ന വിധിയിലാണ് കേന്ദ്രവും കേരളവും ഇളവ് ആവശ്യപ്പെടുന്നത്. ജനസംഖ്യയുടെ ആധിക്യവും സ്ഥലലഭ്യതയുടെ കുറവും കാരണം ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ അപേക്ഷയിൽ വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഹർജിയിൽ കക്ഷി ചേരാൻ കേരളം അപേക്ഷ നൽകിയത്. സ്റ്റാൻഡിംഗ് കോൺസൽ നിഷെരാജൻ ശങ്കർ വഴിയാണിത്. സംസ്ഥാനത്തെ 17 വന്യജീവി സങ്കേതങ്ങൾ, 6 ദേശീയോദ്യാനങ്ങൾ എന്നിവയ്ക്കുള്ള ബഫർ സോൺ സംബന്ധിച്ച രൂപരേഖ കേന്ദ്രസർക്കാരിനു നൽകിക്കഴിഞ്ഞതായും, വിധി നടപ്പാക്കിയാൽ മംഗളവനം പക്ഷിസങ്കേതത്തിന്റെ 200 മീറ്റർ മാത്രം അകലെയുള്ള കേരള ഹൈക്കോടതിയെ ഉൾപ്പെടെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

40,444 പരാതികൾ

തീർപ്പാക്കി

തിരുവനന്തപുരം ∙ പരിസ്ഥിതിലോല മേഖല വിഷയത്തിലെ സ്ഥലപരിശോധ‍നയിൽ ഇന്നലെവരെ 40,444 പരാതികൾ തീർപ്പാക്കി. ഇതുവരെ 76,378 പരാതികളാണ് ലഭിച്ചത്. 52532 പുതിയ നിർമിതികൾ കണ്ടെത്തി.