ദിവസങ്ങളെണ്ണി ട്രാൻ. കൊല്ലം ഡിപ്പോ കെട്ടിടം

Wednesday 11 January 2023 12:53 AM IST

കൊല്ലം: ഏത് നിമിഷവും പൊളിഞ്ഞ് വീഴുമെന്ന അവസ്ഥയിൽ നിൽക്കുകയാണ് കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോ കെട്ടിടം. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഷെയ്ഡിൽ നിന്ന് കോൺക്രീറ്റ് പാളിയിളകി യാത്രക്കാരന്റെ ചുമലിൽ പതിച്ചു.

കെട്ടിട ഭാഗങ്ങൾ ഓരോന്നും പൊളിഞ്ഞുവീഴുമ്പോൾ, ഭയന്ന് ജീവനക്കാർ ചീഫ് ഓഫീസിലേക്ക് വിളിക്കും. അപ്പോഴെല്ലാം കോടികളുടെ പദ്ധതി ഉടൻ വരുമെന്ന് പറഞ്ഞുകൊണ്ടേയിരിക്കും.

മേൽക്കൂരയിലെ പ്ലാസ്റ്റർ ഭൂരിഭാഗവും പൊളിഞ്ഞിളകി വർഷങ്ങൾക്ക് മുമ്പേ കമ്പി തെളിഞ്ഞു. ഇപ്പോൾ കമ്പികൾക്കിടയിലെ കോൺക്രീറ്റാണ് അടർന്നുവീഴുന്നത്. ഡിപ്പോ ഓഫീസ് കൊട്ടാരക്കരയിലേക്ക് മാറ്റിയതും രണ്ടാം നിലയിൽ കാര്യമായി ജീവനക്കാരില്ലാത്തതുമാണ് കൂടുതൽ അപകടങ്ങൾ ഒഴിവാക്കിയത്.

ഭിത്തികളുടെ പ്ലാസ്റ്ററിംഗ് ഇളകിയതിന് മുമ്പേ വിള്ളലും വീണിട്ടുണ്ട്. ഏറ്റവും കൂടുതൽ വനിതാ ജീവനക്കാരുള്ള ഡിപ്പോയിൽ അവർക്ക് വിശ്രമിക്കാൻ പോലും ഇടമില്ല. ജില്ലാ കേന്ദ്രത്തിലെ ഡിപ്പോയിൽ രാത്രികാലങ്ങളിലടക്കം എത്തുന്ന വനിതാ യാത്രക്കാരുടെ സ്ഥിതിയും സമാനമാണ്.

ഉള്ള പണത്തിന് കെട്ടിടം പണിയണം

എം. മുകേഷ് എം.എൽ.എ കൊല്ലം ഡിപ്പോയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ വർഷങ്ങൾക്ക് മുമ്പേ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തിയുള്ള വമ്പൻ പദ്ധതിയുടെ പേര് പറഞ്ഞ് എം.എൽ.എയുടെ വാഗ്ദാനം നിരസിക്കുകയായിരുന്നു. ഇപ്പോൾ കിഫ്ബിയിൽ ഉൾപ്പെടുത്തി 34 കോടിയുടെ പദ്ധതി തയ്യാറായെങ്കിലും തുടർനടപടി നീളുകയാണ്. കിഫ്ബി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ പദ്ധതി യാഥാർത്ഥ്യമാകുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്. അഥവാ യാഥാർത്ഥ്യമായാലും നിർമ്മാണ പ്രവർത്തനങ്ങൾക്കായി നിലവിൽ ഡിപ്പോ കെട്ടിടം പൊളിക്കേണ്ടി വരും. പുതിയ പദ്ധതിയിൽ നിലവിൽ ഗ്യാരേജ് പ്രവർത്തിക്കുന്നിടത്താണ് ഓഫീസ് വിഭാവനം ചെയ്തിട്ടുള്ളത്.

ഫിറ്റ്നസ് പരിശോധിക്കണം

ജീവനക്കാരും യാത്രക്കാരുമടക്കം നൂറ് കണക്കിന് പേർ സ്ഥിരമായി ഉണ്ടാകാറുള്ള കൊല്ലം ഡിപ്പോ കെട്ടിടത്തിന്റെ ഫിറ്റ്നസ് പൊതുമരാമത്ത് എൻജിനിറിംഗ് വിഭാഗത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

കെട്ടിടം പൊളിഞ്ഞുവീണ് ദുരന്തം സംഭവിക്കും മുമ്പേ പുതിയ രൂപരേഖ അടിസ്ഥാനമാക്കി എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഓഫീസ് കെട്ടിടം നിർമ്മിക്കണം.

ജീവനക്കാർ