ഹജ്ജ് ക്വാട്ട ഉയർത്തി സൗദി; കേരളത്തിൽ കൂടുതൽ പേർക്ക് അവസരം ലഭിച്ചേക്കും

Wednesday 11 January 2023 12:55 AM IST

മലപ്പുറം: സൗദി ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ച ക്വാട്ടയിൽ ഇന്ത്യയ്ക്ക് 1,75,025 സീറ്റുകൾ ലഭിച്ചത് കേരളത്തിൽ നിന്ന് കൂടുതൽ പേർക്ക് ഹജ്ജിന് അവസരമൊരുക്കും. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം 79,237 സീറ്റുകളായിരുന്നു ഇന്ത്യയ്ക്ക് അനുവദിച്ചത്. 56,061 സീറ്റുകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് വീതിച്ചപ്പോൾ കേരളത്തിന്റെ ക്വാട്ട 5,766ൽ ഒതുങ്ങി. 70 ശതമാനം സീറ്റുകൾ ഹജ്ജ് കമ്മിറ്റികൾക്കും 30 ശതമാനം സ്വകാര്യ ഹജ്ജ് സംഘങ്ങൾക്കും അനുവദിക്കുന്നതിന് പകരം ഇത്തവണ 80:20 അനുപാതമാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം തയ്യാറാക്കിയ പുതിയ ഹജ്ജ് നയത്തിന്റെ കരട് രേഖയിൽ പറയുന്നത്. ഇത് നടപ്പാക്കിയാൽ ഹജ്ജ് കമ്മിറ്റി മുഖേന പോവുന്ന തീർത്ഥാടകരുടെ എണ്ണം കൂടും. മുസ്‌ലിം ജനസംഖ്യാനുപാതികമായി ഹജ്ജ് ക്വാട്ട അനുവദിക്കുന്നതിന് പകരം അപേക്ഷകരുടെ എണ്ണമനുസരിച്ച് പരിഗണന നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം.

അപേക്ഷാ സമർപ്പണം നീളുന്നു

ഹജ്ജ് നയം തയ്യാറാക്കുന്നതിലെ കാലതാമസം ഹജ്ജ് അപേക്ഷകൾ സമർപ്പിക്കുന്നത് വൈകിപ്പിക്കുന്നുണ്ട്. ജനുവരി ഒന്നിന് അപേക്ഷ സ്വീകരിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ അറിയിച്ചിരുന്നെങ്കിലും നടപടി തുടങ്ങിയിട്ടില്ല. സൗദിയിൽ ഹജ്ജിന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിൽ നിന്ന് ഹജ്ജ് നയത്തിന്റെ കരടുരേഖ മാത്രമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ ലഭിച്ചിട്ടുള്ളത്. ഇത് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അന്തിമമാക്കിയ ശേഷം ഹജ്ജ് അപേക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും വിജ്ഞാപനവും കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നിന്ന് ലഭിക്കുന്ന മുറയ്ക്കേ ഈ വർഷത്തെ ഹജ്ജ് അപേക്ഷകൾ സ്വീകരിക്കാനാവൂ. എല്ലാം ഓൺലൈനായതിനാൽ അപേക്ഷ സ്വീകരിക്കാൻ കാലതാമസമെടുത്താലും പ്രശ്നമാവില്ലെന്നും കഴിഞ്ഞ തവണ 40 ദിവസം കൊണ്ട് നടപടികൾ പൂർത്തിയാക്കിയതായും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധികൃതർ ചൂണ്ടിക്കാട്ടുന്നു.