ഇന്നും ഞാൻ സംഗീതവിദ്യാർത്ഥി: യേശുദാസ്

Wednesday 11 January 2023 1:00 AM IST

കൊച്ചി: ''കടൽ പോലെയാണ് സംഗീതം. ഓരോ ദിവസവും സാധകം ചെയ്ത് സംഗീതവുമായുള്ള ബന്ധം കാത്തുസൂക്ഷിച്ചാൽ അതിന്റെ ഫലസിദ്ധി ലഭിക്കുമെന്ന് ഉറപ്പാണ്. സംഗീത വിദ്യാർത്ഥിയെന്ന് സങ്കല്പിച്ചാണ് ഇന്നും മുന്നോട്ടുപോകുന്നത്,'' ഗാനഗന്ധർവൻ യേശുദാസ് പറഞ്ഞു.

തന്റെ 83-ാം പിറന്നാൾ ആഘോഷത്തിനായി കൊച്ചി പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ ഒത്തുചേർന്ന സഹപ്രവർത്തകരോടും ആരാധകരോടും അമേരിക്കയിലെ ഡാലസിലെ വസതിയിൽ ഭാര്യ പ്രഭയ്ക്കൊപ്പമിരുന്ന് ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി പി.രാജീവ്, കളക്‌ടർ ഡോ. രേണുരാജ്, സിനിമാതാരങ്ങളായ മമ്മൂട്ടി, സിദ്ദിഖ്, മനോജ് കെ. ജയൻ, എം.ജി. ശ്രീകുമാർ, കോട്ടയം നസീർ, ശരത്, വിദ്യാധരൻ, ഇഗ്നേഷ്യസ്, ഉണ്ണിമേനോൻ, നാദിർഷാ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ തുടങ്ങി ഓരോരുത്തർക്കും അദ്ദേഹം പേരെടുത്ത് നന്ദി പറഞ്ഞു.

ദാസേട്ടനപ്പുറം

സംഗീതമില്ല: മമ്മൂട്ടി

യേശുദാസിന്റെ ഏറ്റവും പുതിയ പ്രണയ യുഗ്മഗാനമായ 'തനിച്ചൊന്നു കാണാൻ..." ആൽബം മമ്മൂട്ടി പ്രകാശനം ചെയ്തു. ദാസേട്ടന്റെ മാത്രം ജന്മദിനമല്ല നമ്മൾ ആഘോഷിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. നമ്മുടെ സിനിമാ സംഗീതത്തിന്റെയും സംഗീതത്തിന്റെയുമൊക്കെ വാർഷികമാണിത്. ദാസേട്ടനപ്പുറത്തേക്കു ദാസേട്ടനെ വിട്ടു നമുക്കൊരു സംഗീതമില്ല. അദ്ദേഹത്തിന്റെ പാട്ടില്ലാതെ നമുക്കൊരു ദിവസംപോലും ആരംഭിക്കാൻ പറ്റില്ല, നമുക്കൊരു യാത്ര പോകാൻ പറ്റില്ല. എവിടെപ്പോയാലും അദ്ദേഹം എവിടെയെങ്കിലും എന്തെങ്കിലും മൂളിക്കൊണ്ടിരിക്കുന്നുണ്ടാകും. അത്രത്തോളം നമ്മുടെ ജീവിതവുമായി ഇഴചേർന്നു നിൽക്കുന്നതാണു ദാസേട്ടൻ. ഒരുപക്ഷേ, നമ്മുടെ മലയാള ഭാഷ ഏറ്റവുമധികം ശ്രവിക്കപ്പെടുന്നതു ദാസേട്ടന്റെ ശബ്ദത്തിലൂടെയാകും - മമ്മൂട്ടി പറഞ്ഞു.