54 ലക്ഷത്തിന്റെ സ്വർണം ട്രെയിനിൽ കടത്തിയയാൾ അറസ്റ്റിൽ

Wednesday 11 January 2023 1:50 AM IST

തൃശൂർ: 54 ലക്ഷം രൂപ വിലവരുന്ന ഒരു കിലോഗ്രാം സ്വർണം ദ്രവരൂപത്തിൽ ഗർഭനിരോധ ഉറ പോലെയുള്ള സുതാര്യമായ പ്‌ളാസ്റ്റിക് കവറിലാക്കി ട്രെയിനിൽ കടത്തിയയാൾ പിടിയിൽ. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠനെ (35) ആർ.പി.എഫ് അറസ്റ്റ് ചെയ്തു. അനധികൃതമായി വെള്ളിയും സ്വർണവും കടത്തുന്നത് തടയാനുള്ള റെയിൽവേയുടെ രഹസ്യ നിരീക്ഷണമായ 'ഓപ്പറേഷൻ സതാർക്ക്' നടക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12.35നാണ് ഒന്നാം നമ്പർ പ്‌ളാറ്റ്‌ഫോമിലെ ആർ.പി.എഫ് ഓഫീസിനടുത്ത് വെച്ച് മണികണ്ഠനെ പിടികൂടിയത്. ഇയാൾ സ്വർണം കൈമാറേണ്ട വ്യക്തിയെ അന്വേഷിച്ച് നടക്കുകയായിരുന്നു. അരക്കെട്ടിലെ വെളുത്ത ബെൽറ്റിന്റെ അറയിൽ ഭാരമുള്ള വസ്തു ധരിച്ചിരുന്നതായി ശ്രദ്ധയിൽപെട്ട പൊലീസ് ചോദ്യം ചെയ്തു.

പരിശോധനയിൽ നാല് വലിയ ഗുളികകളുടെ ആകൃതിയിൽ സ്വർണം സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. മറ്റൊരാളെ ഏല്പിക്കാൻ ട്രെയിനിൽ വച്ച് സുഹൃത്ത് രതീഷിൽ നിന്നാണ് സ്വർണം വാങ്ങിയതെന്ന് മണികണ്ഠൻ പൊലീസിനോട് പറഞ്ഞു. സ്വർണ്ണത്തിന്റെ ബില്ലുകൾ അടക്കമുള്ള രേഖകളൊന്നും തന്റെ പക്കലില്ലെന്നും മൊഴി നൽകി. വിശദപരിശോധനകൾക്കായി തൃശൂർ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് സൂപ്രണ്ടിന് വിവരങ്ങൾ കൈമാറി.

പരശുറാം എക്‌സ്പ്രസിലാണ് ഇയാൾ തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്.ആർ.പി.എഫ് ഉദ്യോഗസ്ഥരായ അജയ് കുമാർ,സിജോ സേവ്യർ,എം.ബി.ബിനു,ജി.വിപിൻ,എസ്.വി.ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.