പുലാമന്തോൾ പഞ്ചായത്തിൽ മോഷണശല്യം ഏറുന്നു: വിലസാൻ കള്ളന്മാർ, ഉറക്കമില്ലാതെ നാട്ടുകാർ

Wednesday 11 January 2023 2:31 AM IST

പുലാമന്തോൾ: മോഷ്ടാക്കളെ കൊണ്ട് വലഞ്ഞിരിക്കുകയാണ് പുലാമന്തോൾ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ളവർ. പഞ്ചായത്തിലെ 14, 15, 16, 17 വാർഡുകളിൽ പെട്ട ചെമ്മലശ്ശേരി, പാറക്കടവ്, ചെമ്മല, വളപുരം പ്രദേശങ്ങളിലാണ് രാത്രി കള്ളന്മാർ വിലസുന്നത്. നിരവധി വീടുകളിലാണ് ഇതിനോടകം മോഷണവും മോഷണശ്രമങ്ങളും നടന്നത്.

ദിവസങ്ങൾക്ക് മുൻപ് 15-ാം വാർഡ് പാറക്കടവിലെ വീട്ടിൽ നിന്നും ഒരു ലക്ഷത്തിലധികം രൂപ കവർന്നിരുന്നു. അലമാര തുറന്നാണ് പണം മോഷ്ടിച്ചത്. എന്നാൽ ഇതുവരെ മോഷ്ടാവിനെക്കുറിച്ച് തുമ്പൊന്നും ലഭിച്ചിട്ടില്ല. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചിരുന്നു. തുടർ ദിവസങ്ങളിൽ പാറക്കടവിൽ തന്നെ ചില വീടുകളിൽ മോഷണശ്രമം നടന്നതായി വീട്ടുകാർ പറയുന്നു. വീടുകളിലെത്തി ശബ്ദമുണ്ടാക്കൽ,​ ജനലുകളിൽ തട്ടുക തുടങ്ങി നാട്ടുകാരിൽ പരിഭ്രാന്തി പരത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതോടെ പ്രദേശത്തുള്ളവർ ഭീതിയിലുമായി. നേരത്തെയുണ്ടായ മോഷണത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ശ്രമങ്ങളാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലെന്നും അഭിപ്രായമുണ്ട്.

മോഷണം തടയാൻ കൂട്ടായ്മ

മോഷണവും മോഷണശ്രമങ്ങളും ചെറുക്കാൻ കൂട്ടായ്മ ഉണ്ടാക്കുന്നതിനും രാത്രികാലങ്ങളിൽ പ്രദേശങ്ങളിൽ ശ്രദ്ധകൊടുക്കുന്നതിനും തെരച്ചിൽ നടത്തുന്നതിനുമുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ.

കൊളത്തൂർ, പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ അടക്കം രാത്രികാല പൊലീസ് പട്രോളിംഗ് നടത്തി ജനങ്ങളുടെ ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ നാട്ടുകാരിൽ ഭീതിപടർത്തുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തുടർച്ചയായി ഇത്തരത്തിൽ വിവിധ സംഭവങ്ങൾ നടക്കുന്നതോടെ രാവിലെ നേരത്തെ ജോലിക്ക് പോകേണ്ടവരും രാത്രി വൈകി എത്തുന്നവരുമൊക്കെ ഭീതിയിലാണ്. എത്രയും പെട്ടെന്ന് നാട്ടുകാരിലെ പേടി അകറ്റുന്നതിനുള്ള നടപടിയുണ്ടാകണം.

- എം.കെ. മൈമുന, 15-ാം വാർഡ് മെമ്പർ

Advertisement
Advertisement