കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനം ; യു ജി സി ചട്ടപ്രകാരം യോഗ്യതയുണ്ട്,​ സിംഗിൾ ബെഞ്ച് വിധിക്കെതിരെ പ്രിയ വർഗീസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി

Wednesday 11 January 2023 7:45 PM IST

കണ്ണൂർ : കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് എതിരായ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹൈക്കോടതിയിൽ പ്രിയ വർഗീസ് അപ്പീൽ നൽകി,​ സിംഗിൾ ബെഞ്ച് വിധി നിയമപരമല്ലെന്നും അദ്ധ്യാപന പരിചയം വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റിയെന്നും അപ്പീലിൽ പറയുന്നു.

തനിക്ക് 11 വർഷവും 20 ദിവസത്തെയും അദ്ധ്യാപന പരിചയമുണ്ട്. സ്റ്റുഡന്റ് സർവീസ് ഡയറക്ടർ ചുമതല അദ്ധ്യാപനമല്ലെന്ന കണ്ടെത്തൽ തെറ്റാണ്. അദ്ധ്യാപനം നാല് ചുവരുകൾക്കുള്ളിലെ പഠിപ്പിക്കൽ ആണെന്നാണ് ജഡ്ജി ധരിച്ചിരിക്കുന്നത്. യു,​ജി.സി ചട്ടപ്രകാരം നിയമനത്തിന് യോഗ്യതയുണ്ടെന്നും പ്രിയ വർഗീസ് അപ്പീലിൽ പറയുന്നു.

അസോസിയേറ്റ് പ്രൊഫസ‌ർ തസ്തികയിൽ നിയമിക്കപ്പെടാൻ പ്രിയ വ‌ർഗീസിന് യോഗ്യതയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് വിധി പ്രസ്താവിച്ചത്. യു.ജി.സി മാനദണ്ഡ പ്രകാരമുള്ള മതിയായ അദ്ധ്യാപന പരിചയം ഇല്ല,​ ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ല എന്നീ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടായിരുന്നു വിധി. റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി കോളേജ് മലയാളം മേധാവി ജോസഫ് സ്കറിയ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.