'ബാങ്കിംഗ് മേഖലയിലെ സൈബർ കുറ്റകൃത്യങ്ങളിൽ ജാഗ്രത വേണം'

Thursday 12 January 2023 12:15 AM IST
'സഹകരണ മേഖലയും സൈബർ കുറ്റകൃത്യങ്ങളും ' എന്ന വിഷയത്തിൽ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച പഠന ക്ലാസ് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ ബി സുധ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ബാങ്കിംഗ് മേഖലയിൽ സൈബർ കുറ്റകൃത്യങ്ങൾ കൂടിവരികയാണെന്നും ഏതു സമയത്തും ഇത്തരത്തിലുളള സൈബർ അക്രമണം നമ്മളിലേക്കും കടന്നുവരാമെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും സൈബർ പോലീസ് സെൽ ഓഫീസർ കെ.ബീരജ്. 'സഹകരണ മേഖലയും സൈബർ കുറ്റകൃത്യങ്ങളും' എന്ന വിഷയത്തിൽ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് നടത്തിയ സൗജന്യ പഠന ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ബി.സുധ ഉദ്ഘാടനം ചെയ്തു. സൈബർ പോലീസ് സെൽ ഓഫീസറായ ഒ. രഞ്ജിത്തും ക്ലാസെടുത്തു. ബാങ്കിംഗ് മേഖലയിൽ സൈബർ കുറ്റകൃത്യങ്ങൾ കൂടുതലാണെന്നും ഇന്റർനെറ്റ് ഉപയോഗത്തിന്റെ മറവിലാണ് കുറ്റകൃത്യങ്ങൾ അരങ്ങേറുന്നതെന്നും കെ.ബീരജും ഒ രഞ്ജിത്തും അഭിപ്രായപ്പെട്ടു.

സെബർ ആക്രമണങ്ങൾ ഗുണഭോക്താക്കളുടെ വിശ്വാസ്യത തകർക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. ഒറ്റ ക്ലിക്കിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. നമ്മുടെ ഫോണിലേക്ക് വരുന്ന മിക്ക സന്ദേശങ്ങളും അതത് കമ്പനികളിൽ നിന്നാണോ എന്ന് പരിശോധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. തെറ്റിദ്ധരിക്കപ്പെടുന്ന പലതരത്തിലുള്ള അഡ്രസുകളിൽ നിന്നും മെസേജുകളോ ഇ മെയിലുകളോ വരാം. എന്നാൽ അവ കൃത്യമാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ നാം ആ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പാടുള്ളൂവെന്നും അവർ പറ‌ഞ്ഞു.

ബാങ്ക് ചെയർപേഴ്‌സൺ പ്രീമ മനോജ് അദ്ധ്യക്ഷയായി. ചടങ്ങിൽ എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ബാങ്ക് ഡയറക്ടർ ജി. നാരായണൻകുട്ടി, സി.ഇ. ചാക്കുണ്ണി, ബാങ്ക് ജനറൽ മാനേജൻ സാജു ജെയിംസ് എന്നിവർ പ്രസംഗിച്ചു.