പാലിൽ മായമെന്ന് സംശയം 15,300 ലിറ്റർ പിടികൂടി

Thursday 12 January 2023 12:32 AM IST

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയെന്ന് സംശയിക്കുന്ന 15,300 ലിറ്റർ പാൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ക്ഷീര വികസന വകുപ്പ് അധികൃതർ പിടികൂടി. തെങ്കാശി വി.കെ.പുതൂർ വടിയൂരിൽ നിന്ന് പന്തളത്തെ ഡയറി ഫാമിലേക്ക് കൊണ്ടുവന്ന പാലാണ് ഇന്നലെ പുലർച്ചെ 5.45 ഓടെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പിടികൂടിയത്. വിവിധ റീ ഏജന്റുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഹെഡ്രജൻ പെറോക്സൈഡിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കുകയും സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് അയയ്ക്കുകയും ചെയ്തു. ടാങ്കർ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കസ്റ്റഡിയിലാണ്. പരിശോധനാ ഫലം ലഭിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കുള്ളൂ.

എന്നാൽ കലർത്തി ആറ് മണിക്കൂർ കഴിഞ്ഞാൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കാനാവില്ലെന്നാണ് ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സാമ്പിൾ തിരുവനന്തപുരത്തെ ഭക്ഷ്യസുരക്ഷാ ലാബിൽ എത്തിച്ചപ്പോൾ ആറ് മണിക്കൂർ പിന്നിട്ടിരുന്നു.

പാൽ കൂടുതൽ സമയം കേടുകൂടാതിരിക്കാനാണ് ബാക്ടീരിയകളെ നശിപ്പിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തുന്നത്. വലിയ അളവിൽ ഹൈഡ്രജൻ പെറോക്സൈഡ് ശരീരത്തിലേക്ക് എത്തുന്നത് അൾസർ അടക്കമുള്ള രോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.