ശ്രീകുമാരൻ തമ്പിക്ക് ഹരിവരാസനം പുരസ്‌കാരം

Thursday 12 January 2023 12:52 AM IST

തിരുവനന്തപുരം: ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അർഹനായി. സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മകരവിളക്ക് ദിവസമായ 14 ന് രാവിലെ 8ന് സന്നിധാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണൻ സമ്മാനിക്കും. പ്രശസ്ത സംഗീതജ്ഞ പാൽക്കുളങ്ങര കെ. അംബികാദേവി, ദേവസ്വം സെക്രട്ടറി കെ. ബിജു, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ്.പ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

സ്വാമി അയ്യപ്പൻ അടക്കമുള്ള 85 സിനിമകൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട് ശ്രീകുമാരൻ തമ്പി. ശബരിമല യാത്ര, അയ്യപ്പ ഭക്തിഗാനങ്ങൾ എന്നീ ആൽബങ്ങളിലൂടെയും ഗാനരചയിതാവായി ശ്രദ്ധേയനുമാണ്. 'മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു', 'ഉഷസന്ധ്യകൾ തേടിവരുന്നു', 'അകത്തും അയ്യപ്പൻ പുറത്തും അയ്യപ്പൻ' തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ഭക്തിഗാനങ്ങളാണ്.