വില പറഞ്ഞാൽ നാലുകോടി, നാടിനല്ലേ, വെറുതേ കൊടുത്തു
തൃശൂർ: കുടുംബ സ്വത്തായി ഒരുതുണ്ടുഭൂമിപോലും ഇല്ലാതിരുന്ന മുൻപട്ടാളക്കാരൻ സ്വന്തം സമ്പാദ്യത്തിൽ നിന്ന് ദാനം ചെയ്തത് നാലു കോടിയിലേറെ രൂപ വിലകിട്ടുന്ന മൂന്നേക്കറോളം ഭൂമി. നാട്ടിലെ പല ആവശ്യങ്ങൾക്കും പാവപ്പെട്ടവർക്ക് കടിപ്പാടമുണ്ടാക്കാനും പലപ്പോഴായി വിട്ടുകൊടുത്തതാണ് ഇത്രയും ഭൂമി. പട്ടാളത്തിൽ നിന്ന് വിരമിച്ചശേഷം ഗൾഫിൽ പോയി നേടിയ സമ്പാദ്യത്തിൽ നിന്നാണ് വൃദ്ധസദനം, അംഗൻവാടി, ചാരിറ്റബിൾ ട്രസ്റ്റ്, ലെെഫ് ഭവനപദ്ധതി, ശ്മശാനം എന്നിവയ്ക്ക് ഭൂമി വിട്ടുനൽകിയത്.
കൂറ്റനാട് ചാലിശ്ശേരി റോഡ് വട്ടേക്കാട്ട് വളപ്പിൽ ബാലകൃഷ്ണന് വയസ് എഴുപത്തിയെട്ടായെങ്കിലും ഭിന്നശേഷിക്കാരെ സഹായിക്കാൻ രൂപീകരിച്ച കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡന്റാണ്. ഈ ട്രസ്റ്റിന് കഴിഞ്ഞ ഒക്ടോബറിൽ വിട്ടുകൊടുത്തത് ഇരുപത് സെന്റ് സ്ഥലമാണ്. അവിടെ കെട്ടിടം പണിയുന്നതിന്റെ തിരക്കിലാണിപ്പോൾ.
വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ നിന്ന് അവധിക്ക് എത്തിയപ്പോൾ, അറിഞ്ഞത് മൃതദേഹം സംസ്കരിക്കാൻ മണ്ണില്ലാത്തതിനെ തുടർന്ന് ഒരു കുടുംബത്തിന് വീടിന്റെ അടുക്കള പൊളിക്കേണ്ടിവന്ന സംഭവമാണ്. അന്നു തീരുമാനിച്ചതാണ് പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്കായി കുറച്ചു ഭൂമി നീക്കിവയ്ക്കണമെന്ന്. പിന്നീട് പൊതുശ്മശാനത്തിന് വിട്ടുകൊടുത്തത് ഒരേക്കറാണ്. 2020ൽ ലെെഫ് ഭവനപദ്ധതിക്ക് ഒരേക്കറും നൽകി. അതിന് മുമ്പ് വൃദ്ധസദനത്തിന് അരയേക്കറും അംഗൻവാടിക്ക് നാല് സെൻ്റും വിമുക്തഭട ഭവൻ നിർമ്മാണത്തിന് ഒരു ലക്ഷം വാങ്ങി രണ്ട് ലക്ഷം മതിപ്പുവിലയുള്ള അഞ്ച് സെന്റും നൽകി.
പതിനഞ്ചു കൊല്ലം എയർഫോഴ്സിലായിരുന്നെങ്കിലും കാര്യമായൊന്നും സമ്പാദിക്കാൻ കഴിയാതിരുന്ന ബാലകൃഷ്ണന്റെ ജീവിതം ബഹ്റിനിലെത്തിയപ്പോഴാണ് പച്ചപിടിച്ചത് . തുടർന്ന് വാങ്ങിയ ഭൂമിയിൽ നിന്നാണ് ദാനം. തൃശൂർ മുളയത്തെ കുട്ടികളുടെ ഗ്രാമത്തിലെ രണ്ട് കുട്ടികളെ ദത്തെടുത്ത് അവരുടെ ജീവിതത്തിനും തണലായി.
പട്ടിണിയിൽ നിന്ന്
പട്ടാളത്തിലേക്ക്
പത്താംക്ളാസിന് ശേഷം തൊഴിലന്വേഷിച്ച് ബംഗളൂരുവിലെത്തിയ ബാലകൃഷ്ണൻ പട്ടിണി കിടന്നിട്ടുണ്ട്. ഹോട്ടൽ തൊഴിലാളിയുമായി. ജോലി കഴിഞ്ഞ്, രാത്രി ടെെപ്പ്റെെറ്റിംഗിന് പോയി. തുടർന്ന് എയർഫോഴ്സിൽ ചേർന്നു. രാജസ്ഥാൻ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ ജോലി. പിന്നീടാണ് ബഹ്റിനിലേക്ക് പോയത്. ഭാര്യ രമാദേവി. മക്കൾ: സുഭാഷ് (കമ്പ്യൂട്ടർ എൻജിനിയർ, ബഹ്റിൻ), ഡോ.സുരേഷ് (ഒമാൻ).