യുവാക്കളുടെ ജീവനെടുത്ത അപകടമുണ്ടാക്കിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ പിരിച്ചുവിട്ടു

Thursday 12 January 2023 2:03 AM IST

പാലക്കാട്: കുഴൽമന്ദം വെള്ളപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി സി.എൽ.ഔസേപ്പിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കഴിഞ്ഞ വർഷമാണ് അപകടം നടന്നത്.

ഡ്രൈവർ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ രണ്ട് ജീവനുകൾ നഷ്ടപ്പെടില്ലായിരുന്നു. കൃത്യവിലോപം കെ.എസ്.ആർ.ടി.സിക്ക് അവമതിപ്പുണ്ടാക്കിയെന്നും പൊതുതാത്പര്യം മുൻനിറുത്തിയാണ് നടപടിയെന്നും പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു. എക്സി.ഡയറക്ടർ (വിജിലൻസ്) എ.ഷാജിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

രാത്രി പാലക്കാട് നിന്ന് വടക്കഞ്ചേരിക്ക് പോയ ബസിടിച്ചാണ് ബൈക്ക് യാത്രക്കാരായ കാവശ്ശേരി സ്വദേശി ആദർശ് മോഹൻ, കാസർകോട് സ്വദേശി സബിത് എന്നിവർ മരിച്ചത്. മുന്നിലെ ലോറിയുടെ ഇടതുവശത്തുകൂടി പോയ ബൈക്കിൽ കെ.എസ്.ആർ.ടി.സി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്കും യുവാക്കളും ലോറിക്കടിയിലേക്ക് വീണാണ് മരണം സംഭവിച്ചത്.

ബസിന് പിന്നിൽ വന്ന കാറിന്റെ ഡാഷ്‌ കാമറയിൽ പതിഞ്ഞ ദൃശ്യം പുറത്തുവന്നതോടെയാണ് ബസ് ഡ്രൈവർ മനഃപൂർവം അപകടം വരുത്തിയതാണെന്ന് വ്യക്തമായത്. ഇടതുവശത്ത് ബസിന് പോകാൻ ഇടമുണ്ടായിരുന്നു. ബൈക്ക് നിയന്ത്രണം വിടാൻ സാദ്ധ്യതയുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവർ ബസ് വലതുവശത്തേക്ക് വെട്ടിച്ചതാണ് ദാരുണാന്ത്യത്തിന് ഇടയാക്കിയത്.

അപകടത്തെ തുടർന്ന് ഔസേപ്പിനെ സസ്പെൻ‌ഡ് ചെയ്തിരുന്നു.

കുഴൽമന്ദം പൊലീസ് ആദ്യം മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തി ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെങ്കിലും യുവാക്കളുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടതും നരഹത്യയ്ക്ക് കേസെടുത്തതും. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി വിശദമായ അന്വേഷണം നടത്തിയാണ് തുടർ നടപടി സ്വീകരിച്ചത്. ഇയാൾ മുമ്പും പലവട്ടം അപകടം ഉണ്ടാക്കിയതായി രേഖകളിലുണ്ട്.