കവുങ്ങിന്റെ വിളനിലമാകാൻ ചിറ്റൂർ
നെല്ല്-തെങ്ങ് കർഷകർ കവുങ്ങ് കൃഷിയിലേക്ക് മാറുന്നു
ചിറ്റൂർ: നെല്ല്-തെങ്ങ് കൃഷി നഷ്ടത്തിലായതോടെ കിഴക്കൻ മേഖലയിലെ കർഷകർ കവുങ്ങ് കൃഷിയിലേക്ക് ചുവടുമാറ്റുന്നു. നല്ലേപ്പിള്ളിയിലെ വിവിധഭാഗങ്ങളിൽ കർഷകർ പാടം പാകപ്പെടുത്തി കവുങ്ങിൻ തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മേഖലയിലെ വലിയ തെങ്ങിൻ തോപ്പുകളും കവുങ്ങ് കൃഷിയിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. നെൽകൃഷിക്കും തെങ്ങുകൃഷിക്കും ഉല്പാദന ചെലവ് വർദ്ധിച്ചെങ്കിലും അതിനനുസരിച്ച് ന്യായവില ലഭിക്കുന്നില്ല. ഇതാണ് മെച്ചപ്പെട്ട വിലയും വരുമാനവും ലഭിക്കുന്ന കവുങ്ങ് കൃഷിയിലേക്ക് മാറാൻ കർഷകരെ പ്രേരിപ്പിക്കുന്നത്.
ഒമ്പത്-പത്ത് അടി ദൂരത്തിൽ ഒരേക്കറിൽ 600-700 കവുങ്ങ് തൈകൾ നടാം. അത്യുല്പാദന ശേഷിയുള്ള തൈകൾ നന്നായി പരിചരിച്ചാൽ നാലോ അഞ്ചോ വർഷത്തിനുള്ളിൽ നല്ല ഫലം ലഭിക്കും. ഇന്നത്തെ നിരക്കിൽ ഒരേക്കറിൽ നിന്ന് കുറഞ്ഞത് മൂന്നു ലക്ഷത്തിന്റെ അടയ്ക്ക ലഭിക്കും. ഉല്പാദന ചെലവ് കഴിഞ്ഞാൽ രണ്ടുലക്ഷം ആദായം ലഭിക്കും. നെല്ല്-തെങ്ങ് കൃഷിയിൽ ഇതിന്റെ മൂന്നിലൊന്ന് വരുമാനം ലഭിക്കില്ലെന്ന് കർഷകർ പറയുന്നു.
നെല്ലിലെ സ്വപ്നം പതിരായി
നെൽകൃഷിയിൽ പ്രശ്നങ്ങൾ നിരവധിയാണ്. ഞാറിൽ തുടങ്ങി കതിര് വരുംവരെയുള്ള മരുന്ന് തളിയും അതിനുള്ള കൂലിച്ചെലവ് വർദ്ധനവും രാസ-ജൈവ വളങ്ങളുടെ വിലക്കയറ്റവും, ട്രാക്ടർ, ട്രില്ലർ, കൊയ്ത്ത് യന്ത്രങ്ങളുടെ അമിത വാടകയും ഉൾപ്പെടെ സകലതും പ്രശ്നമാണ്. ഇതിന് പുറമേയാണ് വന്യമൃഗ ശല്യവും കാലാവസ്ഥ വ്യതിയാനവും. ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് കിട്ടുന്ന നെല്ലിന് ഉല്പാദന ചെലവിന് അനുസരിച്ചുള്ള വിലയുമില്ല.
തെങ്ങും ചതിക്കുന്നു
പച്ചത്തേങ്ങ സംഭരണം താളം തെറ്റിയതോടെ ജില്ലയിലെ നാളികേര കർഷകരുടെ കാര്യവും കഷ്ടത്തിലായി. പറമ്പുകളിൽ കൂട്ടിയിട്ട നാളികേരം മഴയും വെയിലുമേറ്ര് മുളയ്ക്കുമോയെന്ന പേടിയിൽ കിട്ടുന്ന വിലയ്ക്ക് നൽകേണ്ട ഗതികേടിലാണ്.
ഇടനിലക്കാരുടെ ചൂഷണവും തിരിച്ചടിയാണ്.
മൊത്തമായി നൽകുന്നവർക്കാണ് കൂടുതൽ നഷ്ടം. ഒരു നാളികേരത്തിന് ചില്ലറ വില്പനയിൽ 8-10 രൂപ വരെ ലഭിക്കും. മൊത്തമായി നൽകുമ്പോൾ 1000 പച്ചത്തേങ്ങ കൊടുക്കുന്ന കർഷകന് അതിന്റെ പകുതി വിലയേ ലഭിക്കൂ. ചെറിയ നാളികേരമെന്ന പേരിലാണ് കർഷകരെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നത്. കൊടുക്കുന്ന 1000 നാളികേരത്തിൽ 800 എണ്ണത്തിന് 10 രൂപയും പിന്നീടുള്ള 200 എണ്ണത്തിന് അഞ്ചുരൂപ വീതവുമാണ്കർഷകർക്ക് നൽകുന്നത്.
ശരാശരി വില കണക്കാക്കിയാൽ ഒരു നാളികേരത്തിന് 7.8 രൂപ പോലും ലഭിക്കാത്ത അവസ്ഥയാണ്. നാളികേരമിടാൻ തൊഴിലാളിക്ക് ഒരു തെങ്ങിന് 70-80 രൂപ കൊടുക്കണം. ചെലവ് താങ്ങാനാവാത്തതിനാൽ പലരും നെൽപ്പാടങ്ങൾ തരിശിടുകയോ മറ്റ് വിളകളിലേക്ക് മാറുകയോ ചെയ്യുകയാണ്. സംഭരണ വില ലഭിക്കുന്നതിലെ വലിയ കാലതാമസം മറ്റൊരു വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് കർഷകർ അടയ്ക്ക കൃഷിയിലേക്ക് തിരിയുന്നത്.
-വി.രാജൻ, കർഷകൻ, നല്ലേപ്പിള്ളി.