അട്ടപ്പാടിയുടെ പ്രാദേശിക ചരിത്രം അടുത്തറിയാൻ ശിൽപശാല

Friday 13 January 2023 12:46 AM IST
അഗളി ബി.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ ചെറിയ മൂപ്പൻ വിദ്യാർത്ഥികളോട് സംസാരിക്കുന്നു.

അഗളി: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ കുട്ടികളിൽ ചരിത്രാന്വേഷണം വളർത്താൻ 'പാദമുദ്രകൾ' എന്ന പേരിൽ മട്ടത്തുക്കാട് ഗവ.ട്രൈബൽ ഹൈസ്കൂളിൽ ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു. അട്ടപ്പാടിയുടെ പ്രാദേശിക ചരിത്രത്തെ അടുത്തറിയുക, ചരിത്രാന്വേഷണത്തിന്റെ സാദ്ധ്യതകളും പ്രാധാന്യവും മനസിലാക്കുക, ചരിത്രാന്വേഷണ ബോധം വളർത്തുക എന്നിവ ലക്ഷ്യമിട്ടാണ് ശിൽപശാല സംഘടിപ്പിച്ചത്. അട്ടപ്പാടിയിലെ ഹൈസ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരും പങ്കെടുത്തു. 'ചരിത്രത്തിൽ ഗോത്രവർഗക്കാരുടെ ഇടം' എന്ന വിഷയത്തിൽ മൂപ്പൻ സഭാ പ്രസിഡന്റ് ചെറിയ മൂപ്പൻ വിദ്യാർത്ഥികളോട് സംവദിച്ചു. ഗോത്ര ആഘോഷങ്ങളിൽ ആലപിച്ചിരുന്ന ഗാനങ്ങളും വാദ്യോപകരണങ്ങളും കൃഷി രീതികളും സംസ്കാരവുമെല്ലാം പുതുതലമുറക്ക് അന്യമാവുകയാണെന്ന ആശങ്ക മൂപ്പൻ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

'അട്ടപ്പാടിയുടെ ചരിത്ര സാദ്ധ്യതകൾ' എന്ന വിഷയത്തിൽ ചരിത്രാന്വേഷിയും വിദഗ്ദ്ധനുമായ മാണി പറമ്പേട്ട് ക്ലാസെടുത്തു. ശിൽപശാലയുടെ ഭാഗമായി ചരിത്രമുറങ്ങുന്ന കൊടുങ്കരപ്പള്ളത്തിലേക്ക് യാത്ര സംഘടിപ്പിക്കുകയും ചരിത്രശേഷിപ്പുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂർത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സ്ഥിരസമിതി അദ്ധ്യക്ഷൻ എസ്.സനോജ് അദ്ധ്യക്ഷനായി. എം.ആർ.ജിതേഷ്, കെ.ടി.ഭക്തഗിരീഷ്, മതിവാണൻ, സജുകുമാർ, എം.നാഗരാജ്, കെ.വി അനീഷ്, നുമി അഗസ്റ്റിൻ, എം.നിഖിൽ സെഡ് തുടങ്ങിയവർ പങ്കെടുത്തു.