സമുദായ നേതാക്കളെ അങ്ങോട്ടുപോയി കണ്ടതല്ല, അവർ ക്ഷണിച്ചതാണ്: ശശി തരൂർ
മലപ്പുറം: സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് അവർ ക്ഷണിച്ചത് പ്രകാരമാണെന്ന് ശശി തരൂർ എം.പി മലപ്പുറത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ആരെയും അങ്ങോട്ടുപോയി കണ്ടതല്ല. അവർ വിളിച്ച് കാണാൻ ആവശ്യപ്പെടുമ്പോൾ സമയമില്ലെന്ന് പറഞ്ഞ് ഒഴിയാനാവില്ല. എം.പിയെന്ന നിലയിൽ എല്ലാവരെയും കാണുന്നത് തന്റെയും താത്പര്യമാണ്. കേരളത്തെ കർമ്മഭൂമിയായി കാണുന്നതിനാൽ ഇവിടത്തെ നേതാക്കളെ കാണേണ്ടതുണ്ട്. എല്ലാ സമുദായ നേതാക്കളോടും ബഹുമാനമുണ്ട്. എൻ.ജി.ഒ, അസോസിയേഷൻ ഭാരവാഹികളെയും കാണാറുണ്ട്. എന്നാൽ, സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും സന്ദർശിക്കുന്നതേ ചർച്ചയാവുന്നുള്ളൂ. നിലവിലേത് മാദ്ധ്യമങ്ങളുണ്ടാക്കുന്ന വിവാദമാണ്. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം മാദ്ധ്യമങ്ങൾ തന്നെ വേറെ രീതിയിൽ കാണുന്നു.
മുഖ്യമന്ത്രിയാവാൻ തയ്യാറാണോ എന്ന് ചോദിച്ചാൽ അല്ലെന്ന് പറയാനാവുമോ?. അതിന് 2026 വരെ കാത്തിരിക്കണം. അതിനു മുമ്പ് 2024ലെ തിരഞ്ഞെടുപ്പുണ്ട്. അതിനുള്ള തീരുമാനങ്ങളെടുക്കണം. എന്താണ് വേണ്ടതെന്ന് പാർട്ടിയും ജനങ്ങളും തീരുമാനിക്കും. ചർച്ചയിലൊക്കെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തിയായാണ് തന്നെ പലരും കാണുന്നത്. 'നാളേയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ" എന്നായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ തന്റെ മുദ്രാവാക്യം. ആ നാളേയെ കുറിച്ച് ഇപ്പോഴും ചിന്തിക്കുന്നുണ്ട്. ഒരുപക്ഷേ, കേരളത്തിലെ തന്റെ 150-ാമത്തെ പര്യടനമാവുമിത്. ഒന്നാംഘട്ടമോ രണ്ടാംഘട്ടമോ അല്ല. മലപ്പുറത്ത് തന്നെ 15 തവണ വന്നിട്ടുണ്ട്. -അദ്ദേഹം പറഞ്ഞു.