പഴയിടം മടങ്ങിവരുമെന്ന് പ്രതീക്ഷ: മന്ത്രി വാസവൻ

Friday 13 January 2023 1:08 AM IST

കോട്ടയം: കലോത്സവത്തിലേയ്ക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് പഴയിടം മോഹനൻ നമ്പൂതിരി നല്ല മനസോടെ ചിന്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് വി.എൻ. വാസവൻ പറഞ്ഞു. കലോത്സവ വിവാദങ്ങൾക്കിടെ ഇന്നലെ ഉച്ചയ്ക്കാണ് കുറിച്ചിത്താനത്തുള്ള പഴയിടത്തിന്റെ വീട്ടിൽ സി.പി.എമ്മിന്റെ ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി മന്ത്രി എത്തിയത്.

എന്നാൽ മറുപടി ചിരിയിലൊതുക്കിയ പഴയിടം സർക്കാരിന്റെ പ്രതിനിധിയായല്ല മന്ത്രി എത്തിയതെന്നും പറഞ്ഞു. കലോത്സവത്തിലേക്കില്ലെന്ന തീരുമാനം മാറ്റുന്നതിനെക്കുറിച്ച് പറയാൻ സമയമായിട്ടില്ല. വാസവൻ സഹോദരനെപ്പോലെയാണെന്നും പഴയിടം പറഞ്ഞു.

അരമണിക്കൂറോളം ഇരുവരും കൂടിക്കാഴ്ച നടത്തി. പഴയിടത്തിന്റെ മകൻ യദുവും ഒപ്പമുണ്ടായിരുന്നു. മനുഷ്യനന്മയും ധാർമ്മികതയും ഉയർത്തിപ്പിടിക്കുന്ന ആളാണ് പഴയിടം. സർക്കാർ അദ്ദേഹത്തിന് ഒപ്പമുണ്ട്. സർക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ലെന്നും. മഹാമാരിയുടെ കാലത്ത് പാവപ്പെട്ട രോഗികളെ സഹായിക്കാൻ തങ്ങളോടൊപ്പം നിന്ന തിരുമേനിയെ മറന്നാൽ അതു വലിയ അധാർമികതയാകുമെന്നും. മന്ത്രി മാദ്ധ്യമങ്ങളോടു പറഞ്ഞു.