സ്വാമി ശങ്കരാനന്ദ ഭക്തിയോഗത്തിന്റെ മാർഗദീപം: സ്വാമി സച്ചിദാനന്ദ

Friday 13 January 2023 4:08 AM IST

ശിവഗിരി : ശ്രീനാരായണഗുരുദേവൻ വിഭാവനം ചെയ്ത ഭക്തിയോഗത്തിന്റെ പ്രത്യക്ഷമായ ഉദാഹരണവും മാതൃകയുമായിരുന്നു സ്വാമി ശങ്കരാനന്ദയെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ 47-ാം സമാധി ദിനം പ്രമാണിച്ച് നടന്ന സ്മൃതി സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ത്യാഗസുരഭിലമായ ജീവിതം നയിച്ച അദ്ദേഹം ഗുരുദേവന്റെ മഹാസമാധി മന്ദിരം പണിയുന്നതിന് കാലതാമസം വന്നപ്പോൾ പ്രഖ്യാപിച്ച ഉപവാസ സമരത്തിന്റെ വെളിച്ചമാണ് മഹാസമാധി മന്ദിരനിർമ്മാണത്തിന് വേഗം കൂട്ടിയത്. ജീവിത വിശുദ്ധികൊണ്ടും സന്യാസനിഷ്ഠ കൊണ്ടും അദ്ദേഹം സർവരുടെയും സമാരാധന പിടിച്ചുപറ്റി. ഗുരുദേവന്റെ സന്യാസ ശിഷ്യ പരമ്പരയിൽ ഭക്തിയോഗത്തിന് ഏറ്റവും ഊന്നൽ നൽകിയ സന്യാസിവര്യനായിരുന്നു സ്വാമി ശങ്കരാനന്ദയെന്നും സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.

ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡ് അംഗങ്ങളായ സ്വാമി ബോധി തീർത്ഥ ,സ്വാമി പരാനന്ദ എന്നിവരും സ്വാമി വിദ്യാനന്ദ, സ്വാമി മഹേശ്വരാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, സ്വാമി ദേശികാനന്ദ യതി, സ്വാമി ഹംസതീർത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി അഭയാനന്ദ എന്നിവർക്കൊപ്പം ബ്രഹ്മചാരികളും അന്തേവാസികളും ഭകതജനങ്ങളും സംബന്ധിച്ചു.

Advertisement
Advertisement