കെ.പി.സി.സിക്ക് നാല്പത് സെക്രട്ടറിമാർ വരും

Thursday 12 January 2023 10:57 PM IST

തിരുവനന്തപുരം: കഴിഞ്ഞ ഭാരവാഹി പുന:സംഘടനയിൽ ഇനിയും പൂർത്തിയാക്കിയിട്ടില്ലാത്ത കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനം വരുന്ന പുന:സംഘടനയ്ക്കൊപ്പം നടത്തും. സെക്രട്ടറിമാരായി നാല്പത് പേരെ നിയമിക്കാനാണ് ഇന്നലെ ചേർന്ന നിർവാഹകസമിതി, ഭാരവാഹി യോഗങ്ങളിൽ ധാരണയായിട്ടുള്ളത്.

ഇതിന് ഹൈക്കമാൻഡിനോട് ശുപാർശ ചെയ്യും. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവും.

അന്തരിച്ച വി. പ്രതാപചന്ദ്രന്റെ ഒഴിവിൽ പുതിയ ട്രഷററെ നിയമിക്കുന്നതിൽ ധാരണയായില്ല. ഇക്കാര്യത്തിലും വരുന്ന പുന:സംഘടനയ്ക്കൊപ്പം തീരുമാനമുണ്ടാകും. അതേസമയം, ഒരാൾക്ക് ഒരു പദവി മാനദണ്ഡം കർശനമാക്കേണ്ടെന്ന അഭിപ്രായം നിർവാഹക സമിതിയിലുണ്ടായി. എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് രാജ്യസഭാ നേതാവിന്റെ പദവിയുമുള്ളപ്പോൾ, അതിലിനി പ്രസക്തിയില്ലെന്നാണ് അഭിപ്രായം.