കൗതുകക്കാഴ്ചയായി ബീച്ചിലെ തിമിംഗല സ്രാവ് പ്രദർശനം

Friday 13 January 2023 12:06 AM IST
സേവ് ദി വേൽ ഷാർക്ക് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച തിമിംഗല സ്രാവിന്റെ പ്രദർശനം

കോഴിക്കോട്: കാണികളിൽ കൗതുകം ജനിപ്പിച്ച് ബീച്ചിലെ തിമിംഗല സ്രാവ് പ്രദർശനം. സേവ് ദി വേൽ ഷാർക്ക് പദ്ധതിയുടെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവിന്റെ പ്രദർശനം സംഘടിപ്പിച്ചത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രദർശനം. കഴിഞ്ഞ 20 വർഷമായി തിമംഗല സ്രാവ് സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്. കേരളം ലക്ഷദ്വീപ്,ഗുജറാത്ത് കർണാടക സംസ്ഥാനങ്ങളുടെ തീര മേഖലകളിലാണ് തിമിംഗല സ്രാവ് കണ്ടുവരുന്നത്. വലിയ തോതിൽ വംശനാശ ഭീഷണി നേരിടുന്ന മത്സ്യം കൂടിയാണിത്. ബോട്ട് ഇടിച്ചും പ്ലാസ്റ്റിക് അകത്തുചെന്നും വലയിൽ കുടുങ്ങിയുമാണ് ഭൂരിഭാഗം സ്രാവുകളും അപകടത്തിലാകുന്നത്. അതിനാൽ തീര പ്രദേശങ്ങൾ സന്ദർശിച്ച് തിമിംഗല സ്രാവുകൾ അപകടത്തിൽപെട്ടാൽ രക്ഷപ്പെടുത്തുന്നതിനെക്കുറിച്ച് മത്സ്യതൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസുകൾ വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നൽകിവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്. കേരളത്തിൽ നിരവധി ജില്ലകളിലെ തീര പ്രദേശങ്ങളിൽ ബോധവത്കരണ പരിപാടി നടത്തിയിട്ടുണ്ട്. ഓറാകിൾ സോഫറ്റ്‌ വെയർ കമ്പനിയാണ് യാത്രകൾക്കുള്ള ഫണ്ട് നൽകുന്നത്.