കടമുറികൾ പൊളിഞ്ഞു, തൊഴിലാളികൾ ആശങ്കയിൽ ഇനി പെരുവഴി
കോഴിക്കോട്: മിഠായിത്തെരുവിന് സമീപം കിഡ്സൺ കോർണറിൽ നിർമ്മിച്ച അനധികൃത കടമുറികൾ കോർപ്പറേഷൻ പൊളിച്ചുനീക്കിതോടെ തൊഴിലാളികൾ ആശങ്കയിൽ. കടമുറികൾ പൊളിച്ച് നീക്കിയതോടെ എങ്ങോട്ട് പോകണമെന്നാണ് വ്യാപാരികൾ ഒന്നടങ്കം ചോദിക്കുന്നത്. കടമുറികൾ പൂർത്തിയാകാനായപ്പോൾ മാത്രം അധികൃതർ ഇടപെട്ടത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. 80 ശതമാനവും പണി പൂർത്തീകരിച്ച നാല് കടകളാണ് കോർപ്പറേഷൻ ഇടപെട്ട് പൊളിച്ച് നീക്കിയത്.
പാർക്കിംഗ് പ്ലാസ നിർമാണത്തിനായി സത്രം കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ച വ്യാപാരികളാണ് കോർപ്പറേഷന്റെ അനുമതിയോടെ കോംട്രസ്റ്റ് മതിലിനോട് ചേർന്ന് റോഡരികിൽ കടമുറികൾ നിർമിച്ചത്. എന്നാൽ അനധികൃത രീതിയിൽ നിർമാണം തുടങ്ങിയതോടെ പണി നിർത്തിവെയ്ക്കാൻ കോർപ്പറേഷൻ നോട്ടീസ് നൽകുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം കെട്ടിടങ്ങൾ പൊളിച്ചുനീക്കിയത്. താജ് റോഡിലെ 8 കെട്ടിടങ്ങളും ഉടൻ പൊളിച്ച് നീക്കാനാണ് കോർപ്പറേഷൻ തീരുമാനിച്ചിട്ടുള്ളത്. വ്യാപാരികൾക്ക് ഡിസംബർ 30 നകം ഒഴിഞ്ഞ് പോകണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ദിവസം നീട്ടിക്കിട്ടണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുകയായിരുന്നു. നിലവിൽ ബദൽ സംവിധാനം ഒരുക്കിയതിന് ശേഷം മാത്രമേ കട ഒഴിയുകയുള്ളൂ എന്നാണ് വ്യാപാരികൾ പറയുന്നത്. സാധനങ്ങൾ മാറ്റാൻ സമയവും നൽകണം. കോർപ്പറേഷൻ പൊളിച്ച സ്ഥലത്ത് താത്കാലിക കെട്ടിടം പണിയുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എപ്പോൾ പണിത് തരുമെന്ന് ചോദ്യത്തിന് ഉത്തരമില്ല. കടം വാങ്ങിയും ലോണെടുത്തുമാണ് വ്യാപാരികൾ കച്ചവടം ചെയ്യുന്നത്. 6000മുതൽ 25000 രൂപ വരെ വാടക കൊടുത്താണ് ഓരോ കടകളും പ്രവർത്തിക്കുന്നത്.
പാർക്കിംഗ് പ്ലാസ പണിയുമ്പോൾ സത്രം കെട്ടിടത്തിലെ 12 കടമുറികളാണ് ഒഴിഞ്ഞുകൊടുക്കേണ്ടിവരുന്നത്. ഇവർക്ക് പി.എം. താജ് റോഡിലും വൈക്കം മുഹമ്മദ് ബഷീർ റോഡിന് സമീപത്തുമായി താത്‌കാലിക കടകൾ ഉണ്ടാക്കാൻ കോർപ്പറേഷൻ തന്നെയാണ് സ്ഥലം നിശ്ചയിച്ചുനൽകിയത്. ഇതനുസരിച്ച് കടകൾക്ക് വൈദ്യുതി കണക്‌ഷനും കിട്ടിയിരുന്നു.എന്നാൽ, നിർദ്ദേശിച്ചതിൽ നിന്ന് ഭിന്നമായി സ്ഥിരം കെട്ടിടം പണിതതാണ് കോർപ്പറേഷനെ ചൊടിപ്പിച്ചത്. താത്കാലികമായി രണ്ട് വർഷത്തേക്കു വരെ ഉപയോഗിക്കുന്ന കടമുറികൾ പണിയാനായിരുന്നു നിർദ്ദേശം. പകരം കോൺക്രീറ്റ് ബീമുകൾ സ്ഥാപിച്ച് കടമുറികൾ നിർമ്മിക്കുകയായിരുന്നു.താത്ക്കാലിക കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയുടെ മറവിൽ കരാറുകാരൻ കോൺക്രീറ്റ് കെട്ടിടം പണിയാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്. കട മുറികൾ പൊളിച്ചുനീക്കിയതോടെ കരാറുകാരന് പണം നൽകിയ വ്യാപാരികൾ പെരുവഴിയിലായി. തിരക്കേറിയ റോഡരികിലെ നിർമ്മാണം ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്ന് കാണിച്ച് കടകൾ പൊളിച്ചുനീക്കാൻ കളക്ടർ ഉത്തരവിട്ടിരുന്നു. താജ് റോഡിലെയും നിർമ്മാണങ്ങൾ അടുത്ത ദിവസങ്ങളിൽ പൊളിച്ച് നീക്കുമെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. കച്ചവടക്കാർക്ക് താത്കാലിക കെട്ടിടങ്ങൾ നിർമ്മിച്ചു നൽകുമെന്നും അധികൃതർ അറിയിച്ചു. അതേസമയം കരാറുകാരനിൽ നിന്ന് പണം വാങ്ങിയിട്ടാണ് കോർപ്പറേഷൻ കെട്ടിടം നിർമ്മിച്ചതെന്നും പി.എം താജ് റോഡിലെയും ബഷീർ റോഡിലെയും കട നിർമാണം കോർപ്പറേഷൻ എൻജിനിയർമാരടക്കം പരശോധിച്ചശേഷമാണ് ആരംഭിച്ചതെന്നുമാണ് വ്യാപാരികൾ പറയുന്നത്. ദീർഘവീക്ഷണമില്ലാതെ അനുമതി നൽകിയതിനാലാണ് നിർമ്മിച്ച കെട്ടിടം കോർപ്പറേഷന് പൊളിക്കേണ്ടി വന്നതെന്നാണ് വ്യാപാരികളുടെ കുറ്റപ്പെടുത്തൽ.
'' ഉണ്ടാക്കിയ കെട്ടിടം പൊളിച്ചുമാറ്റി. ഇനി ഇപ്പോൾ എങ്ങോട്ടാണ് പോകേണ്ടത്. ഒഴിഞ്ഞുപോകാൻ കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ഞങ്ങൾക്ക് ഒഴിയാൻ സാധിക്കില്ല. ബദൽ സംവിധാനം ഒരുക്കാതെ ഞങ്ങൾ മാറില്ല. സാധനങ്ങളെല്ലാം മാറ്റാൻ സമയവും വേണം''
സുമേഷ് ബാബു , കച്ചവടക്കാരൻ