എം.സി.എഫ് മാറ്റി : നീർവിളാകം - കുറിച്ചിമുട്ടം റോഡിലെ ദുർഗന്ധം ഒഴിഞ്ഞു

Friday 13 January 2023 12:24 AM IST

കോഴഞ്ചേരി: നീർവിളാകം - കുറിച്ചിമുട്ടം റോഡിലെ വഴിയോര വിശ്രമകേന്ദ്രത്തിൽ ഇനി ദുർഗന്ധം പരത്തുന്ന മാലിന്യക്കൂമ്പാരമില്ല. കുറിച്ചിമുട്ടം ഭാഗത്ത് സ്ഥാപിച്ചിരുന്ന മിനി എം.സി.എഫും ചുറ്റിനും കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളും വ്യാഴാഴ്ച രാവിലെ നാട്ടുകാർ നീക്കംചെയ്തു. 'ലെഫ്റ്റ് ഈസ് റൈറ്റ് സാംസ്‌കാരിക സമിതി'യുടെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ നീക്കിയത്.

നീർവിളാകം പുഞ്ചയ്ക്ക് നടുവിലൂടെ പോകുന്ന വഴിയിൽ തണൽ മരങ്ങളും ഇരിപ്പിട സൗകര്യങ്ങളും വിശ്രമ ഷെഡ്ഡുകളും ഉണ്ട്. ഈ വിശ്രമകേന്ദ്രത്തിന്റെ മദ്ധ്യ ഭാഗത്തായാണ് മാലിന്യ നിക്ഷേപത്തിനുള്ള മിനി എം.സി.എഫ് സ്ഥാപിച്ചിരുന്നത്. ഇതോടെ സമീപ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ആളുകൾ ഇവിടെ നിക്ഷേപിക്കാൻ തുടങ്ങി. നീക്കം ചെയ്യാത്ത മാലിന്യം അഴുകി ദുർഗന്ധം പരന്നതോടെ നാട്ടുകാർക്കും വഴിയാത്രിക്കാർക്കും പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ പുറത്തു നിന്ന് എത്തുന്നവർക്കും ബുദ്ധിമുട്ടായിയിരുന്നു.

ലെഫ്റ്റ് ഈസ് റൈറ്റ് സാംസ്‌കാരിക സമിതി പ്രവർത്തകർ വ്യാഴാഴ്ച രാവിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം നീക്കി സംസ്‌കരണ യൂണിറ്റിന് കൈമാറി. ജൈവ മാലിന്യങ്ങൾ ആഴത്തിൽ കുഴിച്ചുമൂടി സ്ഥലത്ത് അണുനശീകരണം നടത്തി. ആറന്മുള പഞ്ചായത്ത് കുറിച്ചിമുട്ടം പതിനേഴാം വാർഡ് അംഗം ശ്രീനി ചാണ്ടിശേരിലിന്റെ നേതൃത്വത്തിൽ മിനി എം.സി.എഫ് ഇളക്കി മാറ്റുകയും ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.ബി. സതീഷ്‌കുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ഡി. വൈ. എഫ്.ഐ കോഴഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് ആർ. സുധീഷ് ബാബു, ലെഫ്റ്റ് ഈസ് റെറ്റ് സമിതി ഭാരവാഹികളായ,വിനോജ്, ഗോപൻ നീർവിളാകം, എസ്.ആർ.അമ്പിളി, എം.സി മോഹനൻ, രാജീവ് കുറിച്ചിമുട്ടം എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.

കാമറ സ്ഥാപിക്കണം

.'ബാംഗ്ലൂർ റോഡിൽ' കുറിച്ചിമുട്ടം കാണിക്ക വഞ്ചി മുതൽ നീർവിളാകം വൈപ്പിശ്ശേരിൽ പടി വരെയുള്ള ഭാഗത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചാലേ മാലിന്യ നിക്ഷേപവും സാമൂഹ്യ വിരുദ്ധ ശല്യവും പൂർണമായി ഒഴിവാക്കാനാവു. കഴിഞ്ഞ ദിവസം വഴിയോര വിശ്രമ കേന്ദ്രത്തിൽ നിന്ന് മൂന്ന് യുവാക്കളെ എം.ഡി.എം.എയുമായി പത്തനംതിട്ട എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയിരുന്നു. രണ്ടാഴ്ച മുമ്പ് നാല് പ്ലസ്ടു വിദ്യാർത്ഥികളെ പരസ്യ മദ്യപാനത്തിനിടെ ഇവിടെനിന്ന് എക്‌സൈസ് പിടികൂടിയിരുന്നു.