പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ കോഴികളെ കൊന്നൊടുക്കും
കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി. രോഗം സ്ഥിരീകരിച്ച ചാത്തമംഗലം പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയും കോഴികളെയും കൊന്നൊടുക്കും. ഇതിനായി ആറ് അംഗങ്ങൾ ഉൾപ്പെടുന്ന പത്ത് ആർ.ആർ.ടി ടീമുകളെ സജ്ജീകരിച്ചു.
പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡിയുടെ അദ്ധ്യക്ഷതയിൽ കളക്ടേറ്റിൽ വിളിച്ചു ചേർത്ത വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. കൊന്നൊടുക്കുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കിൽ നഷ്ടപരിഹാരം നൽകും. ചാത്തമംഗലം ഫാമിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗവ്യാപന സാദ്ധ്യത പ്രദേശമായി അടയാളപ്പെടുത്തി. ഇവിടെ നിന്ന് പക്ഷികളെ പുറത്തേക്ക് കൊണ്ടുപോകാനോ അകത്തേക്ക് പ്രവേശിപ്പിക്കാനോ പാടില്ല.
പ്രദേശത്തെ കോഴികളെ താത്ക്കാലികമായി അടച്ചിടുകയും കടയുടമകൾ തീറ്റകൾ നൽകി പരിപാലിക്കുകയും ചെയ്യണം. പ്രദേശത്തെ കടകളിൽ കോഴി വിൽപ്പന, കോഴി ഇറച്ചി വിൽപ്പന, മുട്ട വിൽപ്പന എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി. പക്ഷികളെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടയാൻ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. സാഹചര്യം മുൻനിർത്തി ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഫോൺ 04952762050 .
സ്‌കൂളുകൾക്ക് ഇന്ന് അവധി
ചാത്തമംഗലം പ്രദേശത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ന് പ്രദേശത്തെ മൂന്ന് സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ദയാപുരം റെസിഡൻഷ്യൽ സ്‌കൂൾ, ആർ.ഇ.സി ഗവ. വി.എച്ച്.എസ്.എസ്, ആർ.ഇ.സി ഗവ. എച്ച്.എസ്.എസ് എന്നീ സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.