കോടികൾ തുലച്ചു, സുബലയെ വീണ്ടും കാട് വിഴുങ്ങി, സമ്മതിക്കില്ല.., നന്നാവാൻ !
പത്തനംതിട്ട : ജില്ലയിലെ വികസന മുരടിപ്പിന്റെ നേർക്കാഴ്ചയാണ് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന സുബലാ പാർക്ക്. കോടികൾ മുടക്കിയുള്ള പദ്ധതി അധികാരികളുടെ അനാസ്ഥയുടെ പ്രതീകമായി ജില്ലാ ആസ്ഥാനത്ത് തലക്കുനിച്ച് നിൽക്കുന്നു. പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പത്തനംതിട്ട വെട്ടിപ്രത്ത് സുബലാ ടൂറിസം പദ്ധതി ആരംഭിക്കുന്നത്. പട്ടികജാതിവകുപ്പ് സംസ്ഥാനത്ത് തന്നെ ആദ്യമായി ആരംഭിച്ച പദ്ധതിയാണിത്. പട്ടികജാതി വികസന വകുപ്പ് പദ്ധതി തയ്യാറാക്കുമ്പോൾ 4.5 കോടിയായിരുന്നു നിർമ്മാണച്ചെലവ്. പൂർത്തിയാകാത്ത കെട്ടിടവും വനിതകൾക്ക് സ്വയം തൊഴിലിനായി ഒരുക്കിയ തയ്യൽ മെഷിനും മാത്രമായി പ്രേതാലയം പോലെ വർഷങ്ങളോളം പത്തനംതിട്ടയ്ക്ക് മാനക്കേടായി സുബല പാർക്ക് മാറി.
വീണാ ജോർജ് എം.എൽ.എ ആയി വന്നതോടെയാണ് വീണ്ടും സുബല ചർച്ചകളിൽ ഇടംപിടിച്ചത്. എം.എൽ.എയുടെ ശ്രമഫലമായി ബഡ്ജറ്റിൽ സുബല പാർക്കിന് പ്രത്യേകം ഫണ്ട് അനുവദിച്ചത് ജീവവായുവായി.
നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാല് വർഷം മുമ്പ് പുനർനിർമാണം തുടങ്ങുകയായിരുന്നു. കുടിശിക വന്നതോടെ പണികൾ വീണ്ടും മുടങ്ങി. എന്നാൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുബല പാർക്ക് പണി പുനരാരംഭിച്ചു. മൂന്ന് ഘട്ടമായി പണികൾ നടത്താനായിരുന്നു തീരുമാനം. 2.94 കോടി രൂപയാണ് ഒന്നാംഘട്ടത്തിൽ ചെലവായത്. കൺവെൻഷൻ സെന്ററിന്റെ പണി പൂർത്തീകരിച്ചതോടെ സുബലയ്ക്ക് പുതുമുഖമായി. 2021 ൽ ഒന്നാംഘട്ടം വികസനം പൂർത്തിയാക്കി അന്നത്തെ മന്ത്രി എ.കെ.ബാലൻ പാർക്ക് തുറന്നുകൊടുത്തു. ഉദ്ഘാടനം ചെയ്ത സുബലപാർക്ക് പൊതുപരിപാടികൾക്കും കല്യാണങ്ങൾക്കും വിട്ടു നൽകാൻ തീരുമാനിച്ചെങ്കിലും പദ്ധതി മുന്നോട്ട് പോയില്ല. കവാടത്തിൽ പുതിയ ഗേറ്റ് സ്ഥാപിച്ചിട്ടുള്ളതിനാൽ സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യം കുറഞ്ഞു. ഇപ്പോൾ വലിയ ഗേറ്റിനുള്ളിൽ വികസനം വഴിമുട്ടിയ അവസ്ഥയിലാണ് സുബല. കൺവെൻഷൻ സെന്റർ പൊതുപരിപാടികൾക്ക് തുറക്കുകൊടുക്കാൻ സജ്ജമാണെങ്കിലും വിനിയോഗിക്കുന്നില്ല. പരിസരമാകെ വീണ്ടും കാടുകയറിയിരിക്കുന്നു. വീണ്ടും അവഗണനയുടെ ഭാരവുമായി സുബല പാർക്ക് ദുർബലയാകുകയാണ്.
നിർമ്മാണം മൂന്ന് ഘട്ടം
മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നിർമ്മാണം. 2.94 കോടി രൂപയാണ് ഒന്നാം ഘട്ട നിർമ്മാണത്തിന് അനുവദിച്ചത്. ഇതിൽ 1.16 കോടി രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
ഗേറ്റ് വേ, കൺവെൻഷൻ സെന്റർ, കിച്ചൺ ബ്ലോക്ക്, ഡ്രെയിനേജ്, കോഫീ ഏരിയ, കുളം നവീകരണം, ബോട്ടിംഗ്, എക്‌സിബിഷൻ സ്‌പേസ്, കംഫർട്ട് സ്റ്റേഷൻ, ഷട്ടിൽ കോർട്ട്, കുളം സംരക്ഷണ പ്രവർത്തനങ്ങൾ, തീയേറ്റർ, ഗെയിമിംഗ് ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ചുറ്റുമതിൽ തുടങ്ങിയ വലിയ പദ്ധതികളാണ് സുബല പാർക്കിന്റെ മാസ്റ്റർ പ്ലാനിലുള്ളത്.
അധികൃതർ പറയുന്നത്...
1.പദ്ധതി ഏത് രീതിയിൽ പൂർത്തിയാക്കണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല
2.പട്ടികജാതി വനിതകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പദ്ധതി ആയതിനാൽ ഇതിനൊരു കമ്മിറ്റി രൂപീകരിക്കണം.
3.ഓഡിറ്റോറിയവും പാർക്കും സ്ത്രീകൾക്കുള്ള സംരംഭങ്ങളും ഏത് രീതിയിൽ ഉപയോഗിക്കണമെന്നും നടപ്പാക്കണമെന്നും തീരുമാനമായിട്ടില്ല.
4. ഫയൽ നോക്കി സ്ഥലം പരിശോധന വീണ്ടും നടത്തണം.