ഹലോ, ഹോക്കി

Thursday 12 January 2023 11:46 PM IST

ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് ഒഡിഷയിൽ തുടക്കം

ഇന്ത്യ ആദ്യ മത്സരത്തിൽ സ്പെയ്നിനെ നേരിടും

7pm മുതൽ സ്റ്റാർ സ്പോർട്സിലും ഹോട്ട് സ്റ്റാറിലും

ഭുവനേശ്വർ : 15-ാമത് ഹോക്കി ലോകകപ്പിന് ഇന്ന് ഒഡിഷയിലെ ഭുവനേശ്വറിലും റൂർക്കേലയിലുമായി തുടക്കമാകും.നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ലോകകപ്പിന് തുടർച്ചയായ രണ്ടാം തവണയാണ് ഒഡിഷ വേദിയാവുന്നത്. 2018ലും ഇന്ത്യയായിരുന്നു ലോകകപ്പിന്റെ ആതിഥേയർ.

അഞ്ച് വൻകരകളിൽ നിന്നായി 16 ടീമുകളാണ് ജനുവരി 29വരെ നീളുന്ന ഹോക്കി മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്. നാലു ടീമുകളടങ്ങുന്ന നാല് പൂളുകളായി തിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. ഓരോ പൂളിൽ നിന്നും മുന്നിലെത്തുന്ന നാലുടീമുകൾ നേരിട്ട് ക്വാർട്ടറിലെത്തും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർ ക്രോസ്ഓവർ റൗണ്ട് കളിച്ച് ജയിച്ചാൽ ക്വാർട്ടറിലെത്താം.

പൂൾ ഡിയിൽ ഇംഗ്ളണ്ട്,വെയിൽസ്,സ്പെയ്ൻ എന്നിവർക്കൊപ്പമാണ് ഇന്ത്യ മത്സരിക്കുന്നത്. ഇന്ന് രാത്രി ഏഴുമണിക്ക് റൂർക്കേലയിൽ സ്പെയ്നിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 15ന് ഇംഗ്ളണ്ടുമായും 19ന് വെയിൽസുമായുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. ഹർമൻപ്രീത് സിംഗിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത്. മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് ഇന്ത്യൻ സംഘത്തിലുണ്ട്.

ഒഡിഷയുടെ വിജയം

തുടർച്ചയായ രണ്ടാം തവണയും ഇന്ത്യയ്ക്ക് ലോകകപ്പ് വേദി അനുവദിച്ച് കിട്ടിയത് മുഖ്യമന്ത്രി നവീൻ പട്നായ്ക്കിന്റെ നേതൃത്വത്തിലുള്ള ഒഡിഷ സർക്കാരിന്റെ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ്. ഹോക്കിയുടെ വളർച്ചയ്ക്കായി ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകുന്ന സംസ്ഥാനമാണ് ഒഡിഷ. ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ സ്പോൺസർ ഒഡിഷ സ്റ്റേറ്റാണ്.ലോകകപ്പിനായി ഇന്ത്യൻ ടീമിനെ ഒരുക്കിയെടുത്തതും ഒഡിഷ തന്നെ. ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും മെഡൽ നേടിയ ഇന്ത്യൻ ഹോക്കി താരങ്ങൾക്ക് വലിയ തുക സമ്മാനം നൽകുകയും ചെയ്തിട്ടുണ്ട് ഒഡിഷ.

ഈ ലോകകപ്പിനായി റൂർക്കേലയിൽ പുതിയ സ്റ്റേഡിയം നിർമ്മിച്ചതാണ് ഒഡിഷ സർക്കാരിന്റെ മറ്റൊരു വലിയ സംഭാവന. 20000 പേർക്ക് ഇരിക്കാനാവുന്നതാണ് റൂർക്കേലയിലെ ബിർസമുണ്ട സ്റ്റേഡിയം. ഭുവനേശ്വറിൽ കലിംഗ സ്റ്റേഡിയം ഉള്ളപ്പോഴാണ് കൊവിഡ് കാലത്തെ പ്രതിസന്ധികളെയും തരണം ചെയ്ത് കോടികൾ ചെലവിട്ട് ഈ സ്റ്റേഡിയം നിർമ്മിച്ചത്.

ഇന്ന് നാലുമത്സരങ്ങൾ

ലോകകപ്പിന്റെ ആദ്യ ദിനമായ ഇന്ന് നാലുമത്സരങ്ങളാണുള്ളത്. രണ്ട് മത്സരങ്ങൾ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലും രണ്ട് മത്സരങ്ങൾ റൂർക്കേലയിലെ ബിർസമുണ്ട സ്റ്റേഡിയത്തിലും നടക്കും. ഉച്ചയ്ക്ക് ഒരു മണിമുതലാണ് മത്സരങ്ങൾ.

അർജന്റീന Vs ദ.ആഫ്രിക്ക

1 pm മുതൽ

ആസ്ട്രേലിയ Vs ഫ്രാൻസ്

3 pm മുതൽ

ഇംഗ്ളണ്ട് Vs വെയിൽസ്

5 pm മുതൽ

ഇന്ത്യ Vs സ്പെയ്ൻ

7 pm മുതൽ

2

സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലും റൂർക്കേലയിലെ ബിർസ മുണ്ട സ്റ്റേഡിയത്തിലും. ഈ ലോകകപ്പിനായി ഒഡിഷ സർക്കാർ മുൻകൈ എടുത്ത് നിർമ്മിച്ചതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയമായ ബിർസ മുണ്ട സ്റ്റേഡിയം.

1975

ഒളിമ്പിക്സിൽ എട്ടുസ്വർണമടക്കം 12 മെഡലുകൾ നേടിയിട്ടുണ്ടെങ്കിലും ഇന്ത്യ ലോകകപ്പ് ഒരുതവണ മാത്രമേ നേടിയിട്ടുള്ളൂ. 1975ൽ അജിത്പാൽ സിംഗ് നയിച്ച ഇന്ത്യൻടീം പാകിസ്ഥാനെ ഫൈനലിൽ തോൽപ്പിച്ചാണ് ലോകകപ്പ് നേടിയത്.

2018

ൽ ഒഡിഷയിൽ നടന്ന ലോകകപ്പിൽ ബെൽജിയമാണ് ജേതാക്കളായത്. ഇന്ത്യ ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനോട് തോറ്റ് പുറത്താവുകയായിരുന്നു.

4

തന്റെ നാലാമത് ലോകകപ്പിനാണ് മലയാളി ഗോൾകീപ്പർ ശ്രീജേഷ് ഇറങ്ങുന്നത്. ഇന്ത്യൻ മണ്ണിൽ ശ്രീജേഷ് കളിക്കാനിറങ്ങുന്ന മൂന്നാമത്തെ ലോകകപ്പാണിത്. ഇന്ത്യൻ മണ്ണിൽ മൂന്ന് ലോകകപ്പുകൾ കളിച്ച ആദ്യ താരമാകാൻ ഒരുങ്ങുകയാണ് ശ്രീജേഷ്.

പൂൾ എ

ആസ്ട്രേലിയ

അർജന്റീന

ഫ്രാൻസ്

ദ.ആഫ്രിക്ക

പൂൾ ബി

ബെൽജിയം

ജർമ്മനി

ദ.കൊറിയ

ജപ്പാൻ

പൂൾ സി

ഹോളണ്ട്

ന്യൂസിലാൻഡ്

മലേഷ്യ

ചിലി

പൂൾ ഡി

ഇന്ത്യ

ഇംഗ്ളണ്ട്

വെയിൽസ്

സ്പെയ്ൻ

ഇന്ത്യൻ ടീം

ഹർമൻ പ്രീത് സിംഗ് (ക്യാപ്ടൻ),അമിത് രോഹിദാസ് (വൈസ് ക്യാപ്ടൻ),പി.ആർ ശ്രീജേഷ്,കൃഷ്ണപഥക്,അർമാൻപ്രീത് സിംഗ്,സുരേന്ദർ കുമാർ,വരുൺ കുമാർ,നീലം സഞ്ജീവ്,മൻപ്രീത് സിംഗ്,ഹാർദിക് സിംഗ്,നീലകണ്ഠ ഷാർ,ഷംഷേർ സിംഗ്,വിവേക് സാഗർ,ആകാശ്ദീപ് സിംഗ്,മൻദീപ് സിംഗ്, ലളിത് കുമാർ ഉപാദ്ധ്യായ്, അഭിഷേക്,സുഖ്ജീത് സിംഗ്,രാജ്കുമാർ പാൽ,ജുഗ്‌രാജ് സിംഗ്.

ലോകകപ്പ് ജേതാക്കൾ ഇതുവരെ

1971 - പാകിസ്ഥാൻ

1973 - ഹോളണ്ട്

1975 - ഇന്ത്യ

1978 - പാകിസ്ഥാൻ

1982 - പാകിസ്ഥാൻ

1986 - ഹോളണ്ട്

1990 - ഹോളണ്ട്

1994 - പാകിസ്ഥാൻ

1998 - ഹോളണ്ട്

2002 - ജർമ്മനി

2006 - ജർമ്മനി

2010 - ഓസ്ട്രേലിയ

2014 - ഓസ്ട്രേലിയ

2018 - ബെൽജിയം