കൊല്ലം മൊബിലിറ്റി ഹബ്ബ്: ബ‌ഡ്‌ജറ്റിലുണ്ട്, ഫലത്തിലില്ല

Friday 13 January 2023 1:03 AM IST

കൊല്ലം: ഒന്നാം പിണറായി സർക്കാരിന്റെ ഇടക്കാല ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച മേവറം കേന്ദ്രമാക്കിയുള്ള മൊബിലിറ്റി ഹബ്ബ് കടലാസിൽ ഒതുങ്ങി. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 50 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്.

വൈറ്റില ഹബ് മോഡലിൽ അത്യാധുനിക സൗകര്യങ്ങളോടെ മൊബിലിറ്റി ഹബ്ബ് നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ എങ്ങും എത്താതായതോടെ മൊബിലിറ്റി ഹബ്ബ് കൊല്ലംകാരുടെ സ്വപ്നം മാത്രമായി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് സ്ഥലം ഏറ്റെടുപ്പും തുടർനടപടികളും ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം കൊല്ലം കോർപ്പറേഷൻ ലോറിത്താവളത്തിൽ തുടങ്ങുമെന്ന് പറഞ്ഞ മൊബിലിറ്റി ഹബ്ബിനായുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. പദ്ധതിയുടെ ഡി.പി.ആർ ചീഫ് എൻജിനിയർക്ക് സമർപ്പിച്ചതായാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്.

കോർപ്പറേഷൻ മൊബിലിറ്റി ഹബ്

 പ്രൊജക്ട് റിപ്പോർട്ട് ചീഫ് എൻജിനിയർക്ക് സമർപ്പിച്ചു

 അനുമതി കിട്ടിയാലുടൻ ടെണ്ടർ നടപടി ആരംഭിക്കും

 ആദ്യഘട്ടത്തിൽ വകയിരുത്തിയത് 30 കോടി

 രണ്ട്‌ ഏക്കറിൽ ഹബ്ബും മൂന്നുനില ഷോപ്പിംഗ് സെന്ററും

 ഒരേസമയം 18 ബസുകൾക്ക് പാർക്കിംഗ്

 മോഡേൺ റസ്റ്റോറന്റ് രണ്ടായിരം ചതുരശ്ര അടി വിസ്തൃതിയിൽ

 25 കടമുറികൾ, പാർക്കിംഗ്, ഓഫീസ്, ടോയ്‌ലെറ്റ്, ഷോപ്പിംഗ് സൗകര്യം  ഫുഡ് കോർട്ട്, ഓട്ടോ–ടാക്സി- പൊതു ബസ് സ്റ്റാൻഡ്

കൊട്ടിയത്ത് വേണമെന്ന് ആവശ്യം

മൊബിലിറ്റി ഹബ്ബ് കൊട്ടിയത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം ആദ്യം മുതലേ ഉയർന്നിരുന്നു. മയ്യനാട്, ആദിച്ചനല്ലൂർ, തൃക്കോവിൽവട്ടം പഞ്ചായത്തുകളിലായാണ് കൊട്ടിയം ജംഗ്ഷനുള്ളത്. കൊട്ടിയം പൗരവേദിയാണ് ആവശ്യം ഉന്നയിച്ചത്. കൊട്ടിയം കണ്ണനല്ലൂർ റോഡിൽ കാഷ്യു കോർപ്പറേഷന്റെ അധീനതയിലുള്ള 17 ഏക്കർ സ്ഥലമാണ് ഇതിനായി പൗരവേദി നിർദേശിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും തദ്ദേശ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.

കൊട്ടിയത്ത് തിരക്ക് വർദ്ധിച്ചതോടെ ദിനംപ്രതി വന്നുപോകുന്നത് ഒരു ലക്ഷത്തിൽപരം പേരാണ്. പൗരവേദിയുടെ നേതൃത്വത്തിൽ മൂന്ന് പഞ്ചായത്തുകളെ ഉൾപ്പെടുത്തി കൊട്ടിയം നഗരസഭ രൂപീകരിക്കണം.

പൗരവേദി അധികൃതർ