വാദിയെ കൊണ്ട് പ്രതിയെ അടിപ്പിച്ച എസ്.ഐക്കെതിരെ അന്വേഷണം
കൊല്ലം: അടിപിടി കേസ് ഒത്തുതീർപ്പാക്കാൻ വാദിയെക്കൊണ്ട് പ്രതിയുടെ മുഖത്ത് അടിപ്പിച്ച സംഭവത്തിൽ അഞ്ചാലുംമൂട് സ്റ്റേഷനിലെ എസ്.ഐ ജെ.കെ.ജയശങ്കറിനെതിരെ അന്വേഷണം. കമ്മിഷണർ റിപ്പോർട്ട് ആവശ്യപ്പെട്ടത് പ്രകാരം കൊല്ലം എ.സി.പി, എസ്.ഐ, പരാതിക്കാരനായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ സെബാസ്റ്റ്യൻ എന്നിവരുടെ മൊഴിയെടുത്തു.
10ന് രാത്രി പ്രാക്കുളം കുരിശടി ഭാഗത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സെബാസ്റ്റ്യൻ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രവർത്തകനായ രാഹുൽ പരാതി നൽകിയിരുന്നു. പരാതി പരിശോധിക്കാൻ എസ്.ഐ ഇരുകൂട്ടരെയും വിളിച്ചുവരുത്തി. സെബാസ്റ്റ്യനൊപ്പം സുഹൃത്തുക്കളും സ്റ്റേഷനിൽ എത്തിയിരുന്നു. ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ സെബാസ്റ്റ്യൻ അടിച്ച അടി തിരിച്ചുനൽകാൻ എസ്.ഐ രാഹുലിനോട് ആവശ്യപ്പെട്ടെന്നാണ് പരാതി. രാഹുൽ തയ്യാറാതിരുന്നപ്പോൾ സെബാസ്റ്റ്യൻ അടിച്ചതുപോലെ തിരിച്ചടിക്കാൻ നിർബന്ധിച്ചു. ഒടുവിൽ എസ്.ഐയുടെ നിർബന്ധത്തിന് വഴങ്ങി രാഹുൽ മർദ്ദിച്ചുവെന്നാണ് സെബാസ്റ്റ്യന്റെ പരാതി. എസ്.ഐയും സെബാസ്റ്റ്യനെ മർദ്ദിക്കാൻ ശ്രമിച്ചതായി പരാതിയുണ്ട്.