വധശ്രമം: ലക്ഷദ്വീപ് എം.പിയടക്കമുള്ള പ്രതികളുടെ തടവു ശിക്ഷക്ക് സ്റ്റേയില്ല

Friday 13 January 2023 1:40 AM IST

കൊച്ചി: മുൻകേന്ദ്രമന്ത്രി പി.എം. സെയ്‌ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തില്ല. വിചാരണക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ ഹർജി വാദത്തിനായി ജസ്റ്റിസ് എ. ബദറുദ്ദീൻ ചൊവ്വാഴ്‌ച പരിഗണിക്കാൻ മാറ്റി. വിചാരണക്കോടതി പത്തു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി തന്നെ പ്രതികളായ മുഹമ്മദ് ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ തങ്ങൾ എന്നിവരെ ലക്ഷദ്വീപിൽ നിന്ന് ഹെലികോപ്റ്ററിൽ കണ്ണൂരിൽ എത്തിച്ചു സെൻട്രൽ ജയിലിൽ അടച്ചിരുന്നു.

വിചാരണക്കോടതി വിധിക്കെതിരെ പ്രതികൾ ഇന്നലെ ഹൈക്കോടതിയിൽ ഹർജി നൽകി. രാവിലെ ഹർജി പരിഗണിച്ച ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറി. മറ്റൊരു ബെഞ്ച് ഇന്നലെത്തന്നെ ഹർജി പരിഗണിക്കാനും നിർദ്ദേശിച്ചു. തുടർന്നാണ് ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചിലെത്തിയത്.

2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസാണിത്. ആസൂത്രിതമായ ആക്രമണമായിരുന്നില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ചാണ് വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ ലക്ഷദ്വീപ് എം.പിയടക്കുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്.