ബ്രി​ട്ടണി​ൽ കൊല്ലപ്പെട്ട മലയാളി​കളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും

Friday 13 January 2023 1:42 AM IST

ലണ്ടൻ: ബ്രിട്ടണിലെ കെറ്ററിംഗിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും. ഒരുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് നടപടികൾ പൂർത്തിയായത്. മൃതദേഹങ്ങൾ കൊണ്ടുവരുന്ന എമിറേറ്റ്സ് വിമാനം ഇന്ന് 8.50ന് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. ആറു മണിക്കൂറോളം ദുബായിൽ ട്രാൻസിറ്റുള്ളതിനാൽ നാളെ രാവിലെ 8.05നാണ് വിമാനം നെടുമ്പാശേരിയിലെത്തുക. അഞ്ജുവിന്റെ അടുത്ത ബന്ധുവും സഹപ്രവർത്തകനുമായ മനോജ് മാത്യുവും അനുഗമിക്കുന്നുണ്ട്.

ഉച്ചയോടെ വൈക്കത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ച ശേഷം നാളെ സംസ്കരിക്കും.

ഡിസംബർ 15നാണ് അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവർ കെറ്ററിംഗിലെ വാടകവീട്ടിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ അ‌ഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ സ്വദേശി ചേലവേലിൽ ഷാജുവിനെ ബ്രിട്ടീഷ് പൊലീസ് പിടികൂടിയിരുന്നു. ഇയാൾ ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.