മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനം: ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

Friday 13 January 2023 1:43 AM IST

കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള നടപടികളിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. എന്നാൽ ലയന നടപടികൾ ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരെ ബാങ്ക് പ്രസിഡന്റു കൂടിയായ യു.എ. ലത്തീഫ് എം.എൽ.എയും ജില്ലയിലെ 93 പ്രാഥമിക സഹകരണ സംഘങ്ങളും നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

ലയനത്തിനായി സഹകരണ രജിസ്ട്രാർ സ്വീകരിച്ച നടപടികൾ സഹകരണ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ചട്ടങ്ങൾ പാലിച്ചേ ലയനത്തിനുള്ള നടപടികൾ സ്വീകരിക്കാവൂ എന്ന് മുൻ ഉത്തരവു നിലവിലുള്ള സാഹചര്യത്തിൽ സ്റ്റേ അനുവദിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ലയനത്തിനായി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി കേന്ദ്ര ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. റിസർവ് ബാങ്കുമായി കൂടിയാലോചിച്ചാണ് നടപടികൾ സ്വീകരിച്ചതെന്നും സംസ്ഥാനങ്ങൾക്ക് നിയമം പാസാക്കാൻ അധികാരമുള്ള വിഷയത്തിൽ കേന്ദ്ര നിയമത്തിന്റെ സാധുത പരിഗണിക്കേണ്ടതില്ലെന്നും സർക്കാർ വിശദീകരിച്ചു. തുടർന്ന് ഹർജിയിലെ നിയമപരമായ പ്രശ്നങ്ങൾ പിന്നീടു പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു.