എവിടെ വായന മരിച്ചാലും കേരളത്തിൽ വായനയുണ്ടാവും: മുഖ്യമന്ത്രി

Friday 13 January 2023 1:45 AM IST

കോഴിക്കോട്: ലോകത്ത് എവിടെ വായന മരിച്ചാലും കേരളത്തിൽ വായന നിലനിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആറാംപതിപ്പ് കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹികഐക്യത്തെ തകർക്കാനുള്ള നീക്കങ്ങളെ എഴുത്തുകാരും വായനക്കാരും ഒരുമിച്ച് എതിർക്കണമെന്നും സാഹിത്യസംഗമങ്ങൾ അതിന് ഊർജ്ജമാവണമെന്നും അദ്ദേഹം പറഞ്ഞു. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ബുക്കർ പ്രൈസ് വിജയി ഷഹാൻ കരുണതിലകെ, നോബൽ സമ്മാനവിജയി അഡ യോനാത്ത്, കേരള ധന മന്ത്രി കെ.എൻ. ബാലഗോപാൽ, മ്യൂസിയം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, തമിഴ്‌നാട് ധനകാര്യമന്ത്രി പളനിവേൽ ത്യാഗരാജൻ, മുൻ ചീഫ് ഇലക്‌ഷൻ കമ്മിഷണർ നവീൻ ചൗള,ഗായിക ഉഷാ ഉതുപ്പ്, കെ.സച്ചിദാനന്ദൻ, സുധാമൂർത്തി, എം.മുകുന്ദൻ, കെ.ആർ. മീര കെ.എൽ.എഫ് കൺവീനർ എ. പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു. 15 വരെ കോഴിക്കോട് ബീച്ചിൽ ആറ് വേദികളിലായാണ് ഫെസ്റ്റ് നടക്കുക.