ബി.ജെ.പി "താങ്ക്യൂ മോദി" പ്രചാരണം തുടങ്ങി

Friday 13 January 2023 1:46 AM IST

തിരുവനന്തപുരം:ബി.ജെ.പി.യുടെ "താങ്ക്യൂ മോദി" പ്രപാരണ പദ്ധതിക്ക് തുടക്കമായി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും സംസ്ഥാനത്തെ പാർട്ടി പ്രഭാരി പ്രകാശ് ജാവദേക്കർ എം.പി.യും കോഴിക്കോട് ജില്ലയിലും, കേന്ദ്ര മന്ത്രി വി.മുരളീധരൻ പത്തനംതിട്ടയിലും പരിപാടിക്ക് നേതൃത്വം നൽകി.

തിരുവനന്തപുരത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.രഘുനാഥിന്റെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, എസ്.സുരേഷ്,കരമന ജയൻ, സി.ശിവൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.സൗജന്യ റേഷൻ,കാർഷിക സഹായം,പ്രസവ സഹായം, ആരോഗ്യ സുരക്ഷ, ഇ.ശ്രം പോർട്ടലിലൂടെ ജോലി,മുദ്ര വായ്പ തുടങ്ങി വിവിധ കേന്ദ്ര പദ്ധതികളിൽ ഒന്നിലെങ്കിലും പങ്കാളികളായവരുടെ വീടുകളിലാണ് "താങ്ക്യൂ മോദി" ടാഗുമായി ബി.ജെ.പി. നേതാക്കളെത്തുന്നത്. വീട്ടുകാരെ മോദിയുടെ ഭരണനേട്ടങ്ങൾ പറഞ്ഞ് ബോധിപ്പിക്കും. സംസ്ഥാന സർക്കാർ ലഹരി മാഫിയയ്ക്ക് നൽകുന്ന ഒത്താശകൾ,ഗുണ്ടായിസം വർദ്ധന തുടങ്ങിയവയും പ്രചരിപ്പിക്കും. മോദിക്ക് വീട്ടുകാർ നന്ദി പറയുന്ന വീഡിയോയും ചിത്രീകരിക്കും.ഇത് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്ക്കും.

വീടുകളിൽ നിന്ന് മികച്ച പ്രതികരണമായിരുന്നുവെന്ന് തിരുവനന്തപുരം പൂജപ്പുര മേഖലകളിലെ വീടുകളിൽ സന്ദർശനം നടത്തിയ അഡ്വ.രഘുനാഥ് പറഞ്ഞു. പരിപാടി ജനുവരി 30 വരെ തുടരും. കഴിഞ്ഞ ആറു മാസത്തിനുളളിൽ ബി.ജെ.പി. സംസ്ഥാനത്ത് നടത്തുന്ന രണ്ടാമത്തെ ഗൃഹസമ്പർക്ക പരിപാടിയാണിത്. നവംബർ 15 മുതൽ ഡിസംബർ 25 വരെ ഫണ്ടു ശേഖരണവുമായി ബന്ധപ്പെട്ട പ്രചരണം നടത്തിയിരുന്നു. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരിപാടികളാണിത്.