കെ.എസ്.ആർ.ടി.സി: ആനുകൂല്യങ്ങൾ 2 വർഷം കൊണ്ട് നൽകാൻ സ്കീം

Friday 13 January 2023 1:46 AM IST

കൊച്ചി: ജീവനക്കാർക്കുള്ള പെൻഷൻ ആനുകൂല്യങ്ങൾ സീനിയോറിറ്റിയും അടിയന്തര സാഹചര്യവും അടിസ്ഥാനമാക്കി രണ്ടു വർഷം കൊണ്ട് കൊടുത്തു തീർക്കാൻ പെൻഷനറി ബെനഫിറ്റ്‌സ് സ്‌കീം കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ സമർപ്പിച്ചു.

സീനിയോറിറ്റി അടിസ്ഥാനമാക്കി 38 പേർക്കും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഏഴു പേർക്കുമുൾപ്പെടെ പ്രതിമാസം 45 ജീവനക്കാർക്ക് വീതം പെൻഷൻ ആനുകൂല്യം നൽകുന്ന സ്‌‌കീമാണ് സമർപ്പിച്ചത്.വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ നാലു മാസത്തിനകം നൽകണമെന്ന സിംഗിൾബെഞ്ചിന്റെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഹർജികളിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്‌കീം സമർപ്പിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ ജനുവരി 31നു പരിഗണിക്കാൻ മാറ്റി. വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ മൂന്നു വർഷം കൊണ്ട് കൊടുക്കാമെന്ന് നേരത്തെ കെ.എസ്.ആർ.ടി.സി അറിയിച്ചെങ്കിലും കോടതി ഇതനുവദിച്ചിരുന്നില്ല.

പെൻഷനറി

ബെനഫിറ്റ്സ് സ്കീം

2022 നവംബർ 30 വരെയുള്ള റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകാൻ 83.10 കോടി രൂപ വേണം. സർക്കാരിന്റെ സാമ്പത്തിക സഹായമില്ലാതെ ഇത്രയും വലിയ തുക കൊടുത്തുതീർക്കാനാവില്ല. ശമ്പളം, സ്പെയർപാർട്‌സുകൾ, ഇന്ധനം തുടങ്ങിവയ്ക്ക് ചെലവിടുന്ന തുകയ്ക്കു പുറമേ പ്രതിമാസം 3.64 കോടി രൂപ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ ചെലവിടുന്നു. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ കുടിശിക കൊടുത്തു തീർക്കും. അധിക വരുമാനം കണ്ടെത്താൻ കൂടുതൽ സർവീസ് നടത്തുന്നുണ്ട്.

പ്രതിമാസം 3.64 കോടി രൂപ സർക്കാർ സഹായം കൂടി ലഭിച്ചാൽ പെൻഷൻ ആനുകൂല്യങ്ങൾ ഒരു വർഷം കൊണ്ടു കൊടുത്തു തീർക്കാനാവും. അടുത്ത ഏപ്രിലിൽ 128 ജീവനക്കാരും മേയിൽ 520 ജീവനക്കാരും സർവീസിൽ നിന്ന് വിരമിക്കുന്നുണ്ടെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.