തിരുവാഭരണഘോഷയാത്ര തുടങ്ങി, മകരവിളക്ക് 14ന്

Friday 13 January 2023 2:09 AM IST

കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്ന് ചടങ്ങുകൾ ഒഴിവാക്കി

പന്തളം: മകരവിളക്കിന് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെട്ടു. ഇരുമുടിക്കെട്ടേന്തിയ ആയിരക്കണക്കിന് ഭക്തർ ഘോഷയാത്രയെ അനുഗമിച്ചു. പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ മാളിക കൊട്ടാരത്തിൽ രേവതി നാൾ രുക്മിണി തമ്പുരാട്ടിയുടെ നിര്യാണത്തെത്തുടർന്ന് കൊട്ടാരം കുടുംബാംഗങ്ങൾക്ക് അശുദ്ധിയായതിനാൽ ആചാരപരമായ ചടങ്ങുകൾ ഇല്ലായിരുന്നു.

ഇന്നലെ പുലർച്ചെ നാലുമണിയോടെ ശ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറി തുറന്ന് ആഭരണപേടകങ്ങൾ പുറത്തെടുത്ത് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയും സംഘവും കർപ്പൂരാഴിയുടെ അകമ്പടിയിൽ വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് ശ്രീകോവിലിനു മുന്നിൽ ഭക്തർക്ക് ദർശനത്തിനായി തുറന്നുവച്ചു.

ഘോഷയാത്രയ്ക്ക് മുന്നോടിയായി വലിയ തമ്പുരാൻ മകയിരം നാൾ രാഘവ വർമ്മ രാജയുടെ പ്രതിനിധിയായ ഉത്രട്ടാതി നാൾ കേരളവർമ്മ രാജയെയും രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജവർമ്മയെയും കൊട്ടാരത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മരണം. ഉടൻതന്നെ ക്ഷേത്രം അടച്ച് തിരുവാഭരണങ്ങൾ അശുദ്ധിയില്ലാത്ത കൊട്ടാരം ബന്ധുക്കൾ പേടകത്തിലാക്കി ക്ഷേത്രത്തിന് പുറത്തേക്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിയോടെ, പുറപ്പെടാനുള്ള സമയമറിയിച്ച് കൃഷ്ണപ്പരുന്ത് വലിയകോയിക്കൽ ക്ഷേത്രത്തിനു മുകളിൽ വട്ടമിട്ടു പറന്നു. തുട‌ർന്ന് ശരണാരവങ്ങളോ വാദ്യമേളങ്ങളോ ഇല്ലാത്ത അന്തരീക്ഷത്തിൽ പേടകങ്ങൾ പേടകവാഹകസംഘം ശിരസിലേറ്റി ഘോഷയാത്ര പുറപ്പെട്ടു. രാജപ്രതിനിധി ഇല്ലാത്തതിനാൽ ഘോഷയാത്രയിൽ പല്ലക്കില്ല.

സ്വീകരണങ്ങളും വെടിക്കെട്ടും ചെണ്ടമേളവും ഘോഷയാത്രയുടെ തുടക്കത്തിൽ ഒഴിവാക്കിയിരുന്നു. പരമ്പരാഗത പാതയിലൂടെ കാൽനടയായി നീങ്ങുന്ന ഘോഷയാത്രാ സംഘം 14ന് വൈകിട്ട് ശബരിമലയിലെത്തും. സന്ധ്യയ്ക്ക് ആഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. ഈ സമയം പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശനീലിമയിൽ മകരനക്ഷത്രവും തെളിയും. രാത്രി 8.45നാണ് മണ്ഡലപൂജ.

ചടങ്ങുകൾക്ക് മുടക്കമുണ്ടാകില്ല

പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധിമൂലം സന്നിധാനത്തെ ചടങ്ങുകൾക്ക് മുടക്കമുണ്ടാകില്ലെന്ന് കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ.നാരായണ വർമ്മ അറിയിച്ചു. അശുദ്ധിയില്ലാത്ത നാല് കൊട്ടാരം കുടുംബാംഗങ്ങൾ ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്. ശബരിമല തന്ത്രിയും മേൽശാന്തിയും ദേവസ്വം ബോർഡുമായി ആലോചിച്ച് മകരവിളക്കിനോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.