'ശശി തരൂർ വിശ്വപൗരൻ, അദ്ദേഹത്തിനെതിരെ കോൺഗ്രസിൽ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ല'; നിലപാട് തിരഞ്ഞെടുപ്പ് കാലത്ത് പറയുമെന്ന് സമസ്ത

Friday 13 January 2023 12:22 PM IST

കോഴിക്കോട്: ശശി തരൂര്‍ വിശ്വപൗരനെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ്. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളാവുന്ന നേതൃത്വം വരണം. തരൂരിന്‍റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസില്‍ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ല. നിലപാട് തിരഞ്ഞെടുപ്പ് കാലത്ത് പറയും'- ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

അതേസമയം, ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുകയാണ്. നാല് വർഷത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. നാല് വർഷത്തിനപ്പുറത്തേക്ക് തയ്പ്പിച്ച കോട്ട് മാറ്റിവച്ചേക്കെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നത് എത്ര ഉന്നതനായാലും അംഗീകരിക്കേണ്ടെന്ന് കെ.പി.സി.സി നിർവാഹകസമിതി യോഗത്തിൽ നേരത്തേ ധാരണയായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ പിന്മാറാനാഗ്രഹിക്കുന്നെന്ന ചില സിറ്റിംഗ് എം.പിമാരുടെ കാലേകൂട്ടിയുള്ള പ്രതികരണങ്ങൾ തിരിച്ചടിയാവുന്ന പശ്ചാത്തലത്തിലാണ് കർശനമായി തടയിട്ടത്. ഇനി എം.എൽ.എയാകാനാണ് ആഗ്രഹമെന്ന് ശശി തരൂരും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എം.പിമാരുടെ നിലപാടിനെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രൂക്ഷമായി പ്രതികരിച്ചു. " നീ പാർലമെന്റിലേക്ക്, ഞാൻ നിയമസഭയിലേക്ക് എന്നൊക്കെ പറയാൻ നിങ്ങളൊക്കെ ആരാണ്? അക്കാര്യങ്ങൾ പാർട്ടി തീരുമാനിക്കും. ഇതൊന്നും സ്വയം തീരുമാനിച്ചാൽ അംഗീകരിക്കാനാവില്ല. ദീർഘകാലം ലോക്‌സഭാംഗങ്ങളായിരുന്നവർ മാറണമെന്ന് പറഞ്ഞാൽ അംഗീകരിക്കാം. പക്ഷേ പകരക്കാരനെയൊന്നും സ്വയം തീരുമാനിക്കേണ്ട"- സുധാകരൻ തുറന്നടിച്ചു.

വർഷങ്ങളായി പാർലമെന്റിലുള്ളവർക്ക് മാറണമെങ്കിൽ അത് പരസ്യമായി പറയേണ്ടെന്ന് കെ.സി. ജോസഫും സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ വേണ്ടെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണിയും അഭിപ്രായപ്പെട്ടു. മടുത്തെങ്കിൽ എം.പിമാർക്ക് മാറി നിൽക്കാം,​ അന്തിമതീരുമാനം സ്വന്തമായി പ്രഖ്യാപിക്കേണ്ടെന്ന് എം.എം. ഹസ്സനും പറഞ്ഞു.

Advertisement
Advertisement