കുട്ടികളെ സേഫാക്കാൻ 'കുഞ്ഞാപ്പ്'

Saturday 14 January 2023 12:18 AM IST

പാലക്കാട്: ബാലസംരക്ഷണം ലക്ഷ്യമാക്കി വനിതാ ശിശുസംരക്ഷണ വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ആപ്ലിക്കേഷനാണ് കുഞ്ഞാപ്പ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് കുഞ്ഞാപ്പ് ഡൗൺലോഡ് ചെയ്യാം. രക്ഷിതാക്കൾ, അദ്ധ്യാപകർ, പൊതുജനം, കർത്തവ്യവാഹകർ, കുട്ടികൾ എന്നീ വിഭാഗങ്ങളിൽ ലോഗിൻ ചെയ്ത് ആപ്പ് സേവനം ഉപയോഗപ്പെടുത്താം. ക്ലേശകരമായ സാഹചര്യങ്ങളിൽ കുട്ടികളെ കാണാൻ ഇടയായാൽ ഉടനടി റിപ്പോർട്ട് ചെയ്യാനും ഓൺലൈൻ അതിക്രമം ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്യാനും ആപ്പിലൂടെ സാധിക്കും. കൂടാതെ ബാലസംരക്ഷണം, പാരന്റിംഗ് സംവിധാനം, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കായുള്ള സേവനം എന്നിവ ലഭ്യമാക്കാനുള്ള മാർഗമറിയാനും ആപ്പ് സഹായകരമാണ്.

സേവനങ്ങൾ

കുഞ്ഞാപ്പ് തുറക്കുമ്പോൾ കാണുന്ന ഹോം സ്‌ക്രീനിൽ ശിശുവികസനം, കുട്ടികളുടെ സംരക്ഷണം, പോസിറ്റീവ് പാരന്റിംഗ്, കുട്ടികളിലെ പെരുമാറ്റ പ്രശ്നം, കുട്ടികൾക്കെതിരായ അതിക്രമം, ലൈംഗിക വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച വീഡിയോ/ വിവരങ്ങൾ ലഭ്യമാണ്. ഉള്ളടക്കത്തിൽ മാതാപിതാക്കൾക്കുള്ള കൈപ്പുസ്തകത്തിൽ പാരന്റിംഗ് സംബന്ധിച്ച വിവരം കാർട്ടൂൺ രൂപത്തിൽ വായിക്കാം. കുടുംബത്തിൽ മുതിർന്ന കുട്ടികൾ നേരിടുന്ന അവഗണന, ലഹരിക്കടിമപ്പെടുന്ന കൗമാരം, കുട്ടികളിൽ മാതാപിതാക്കളോടുള്ള ബഹുമാനക്കുറവിന് കാരണം, കാർട്ടൂൺ/ ഇന്റർനെറ്റ് അഡിക്ഷൻ, വിഷാദരോഗം, പഠനപ്രശ്നം, കുട്ടികൾക്കൊപ്പം എങ്ങനെ നല്ല രീതിയിൽ സമയം ചെലവഴിക്കാം, ജംഗ് ഫുഡ്സ് എന്നിവ സംബന്ധിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് കഥാരൂപത്തിൽ കാണിച്ചിരിക്കുന്നത്. ഇത് കൂടാതെ കുട്ടികൾക്കെതിരായ അതിക്രമം, കൗമാരപ്രായം, കുട്ടികളുടെ സംരക്ഷണം, പെരുമാറ്റപ്രശ്നം, ലൈംഗിക വിദ്യാഭ്യാസം തുടങ്ങിയ വിവരങ്ങളും ഉള്ളടക്കത്തിലുണ്ട്.

ജില്ലയിലെ രക്ഷാകർതൃ ക്ലിനിക്കുകളുടെ മേൽവിലാസം ഉൾപ്പെടുന്ന വിവരം, ജില്ലാ റിസോഴ്സ് സെന്ററുകൾ, പോറ്റി വളർത്തൽ മാനദണ്ഡം, സ്‌പോൺസർഷിപ്പ് മാനദണ്ഡം, കാവൽ, കാവൽ പ്ലസ് പദ്ധതി, ദത്തെടുക്കൽ മാനദണ്ഡം തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്.

പരാതി നൽകൽ

ബാലഭിക്ഷാടനം, തെരുവിൽ കഴിയുന്ന കുട്ടികൾ, ബാലവേല സംബന്ധിച്ച് പരാതികൾ എന്നിവ ൽകാം. ആപ്പിൽ പരാതി നൽകേണ്ട വിഭാഗം ക്ലിക്ക് ചെയ്ത് ജില്ല തിരഞ്ഞെടുക്കാം. തുടർന്ന് പരാതിയുമായി ബന്ധപ്പെട്ട ഫോട്ടോ അപ്ലോഡ് ചെയ്ത് വിവരം നൽകാം. ഗൂഗിൾ ലൊക്കേഷനിൽ സംഭവ സ്ഥലം തിരഞ്ഞെടുത്ത ശേഷം പരാതി സമർപ്പിക്കാം. കുഞ്ഞാപ്പുമായി ബന്ധപ്പെട്ട പ്രവർത്തനം നിരീക്ഷിക്കുന്നതിന് ജില്ലാതലത്തിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ആപ്പ് ദിവസേന നിരീക്ഷിക്കുകയും പരാതി പരിശോധിക്കുകയും ചെയ്യും. തുടർന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറി നടപടി സ്വീകരിക്കും.