ലൈൻ ട്രാഫിക്ക് ബോധവത്കരണം ഊർജ്ജിതം
Saturday 14 January 2023 12:29 AM IST
പാലക്കാട്: സംസ്ഥാനത്തെ ഗതാഗതം സുഗമമാക്കുന്നതിനായി ചേർത്തല മുതൽ വാളയാർ വരെ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന ലൈൻ ട്രാഫിക്കിന്റെ ബോധവത്കരണം ഊർജ്ജിതം. ദേശീയപാതയിൽ നാല് വരിപ്പാതയിലും ആറ് വരിപ്പാതയിലും വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട നിയമം സംബന്ധിച്ച ലഘുലേഖ ഡ്രൈവർമാർക്ക് വിതരണം ചെയ്താണ് ബോധവത്ക്കരണത്തിന്റെ ആദ്യഘട്ടം നടക്കുന്നത്.
പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചും ബോധവത്കരണം നടന്നു. ജില്ലയിൽ ദേശീയപാതയിലെ വാളയാർ മുതൽ വടക്കഞ്ചേരി വരെയാണ് ലൈൻ ട്രാഫിക് നടപ്പാക്കുന്നത്. വേഗംകുറച്ച് സഞ്ചരിക്കേണ്ട ട്രക്ക്, ബസ്, കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ ഉൾപ്പെടുന്ന വലിയ വാഹനങ്ങൾ ഇടതുവശം ചേർന്നാണ് പോകേണ്ടത്. ചെറുവാഹനങ്ങൾ സർവീസ് റോഡുകൾ ആശ്രയിക്കണം തുടങ്ങിയ നിർദ്ദേശം ബോധവത്ക്കരണത്തിലൂടെ നൽകുന്നുണ്ട്.
ലൈൻ ട്രാഫിക് നിർദ്ദേശങ്ങൾ
- റോഡിൽ പ്രത്യേകം ലൈൻ വരച്ചിട്ടുണ്ടെങ്കിൽ ഡ്രൈവർ തന്റെ വാഹനം അതിലൂടെ ഓടിക്കണം. ഒരു ലൈനിൽ നിന്ന് അടുത്ത ലൈനിലേക്ക് മാറുമ്പോൾ ശരിയായ സിഗ്നൽ കാണിക്കണം.
- ഒരു ലൈനിൽ ഏതെങ്കിലും പ്രത്യേകതരം വാഹനങ്ങൾക്ക് മാത്രം പോകാൻ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ ലൈനിൽ കൂടി മാത്രമേ ഓടിക്കാവൂ.
- ടേണിംഗ് ലൈൻ മാർക്ക് ചെയ്തിട്ടുള്ള ഒരു ഇന്റർ സെക്ഷനിലേക്ക് നിശ്ചലമായിട്ടുള്ള ലൈനാണ് വാഹനത്തിന്റെ സ്ഥാനം എന്ന് ഉറപ്പാക്കണം.
- റോഡിന് നെടുകെ വരച്ചിട്ടുള്ള ഒറ്റ അല്ലെങ്കിൽ ഇരട്ട വരയുടെയോ പെയിന്റ് ചെയ്തിട്ടുള്ള ട്രാഫിക് ഐലന്റിന്റെയോ മുകളിൽ കൂടി ഏതെങ്കിലും തടസം ഒഴിവാക്കുന്നതിന് വേണ്ടി അല്ലാതെ മറ്റു സന്ദർഭങ്ങളിൽ വാഹനമെടുക്കാൻ പാടില്ല.
- ഇടവിട്ട വരയും തുടർച്ചയായ വരയും പാരലലായി വരച്ചിട്ടുള്ള റോഡിൽ വാഹനമെടുക്കുമ്പോൾ ഇടവിട്ട വരയുടെ ഇടത് ഭാഗത്ത് വാഹനങ്ങൾക്ക് ഓവർടേക്ക് സമയത്ത് വര മുറിച്ച് വലത് ഭാഗത്തേക്ക് കടക്കാം. എന്നാൽ ഓവർടേക്കിന് ശേഷം റെഗുലേഷൻ 12ൽ പറയുന്ന പ്രകാരം സുരക്ഷ മുൻകരുതൽ എടുത്ത് ഇടതുഭാഗത്തേക്ക് തിരികെ വരണം.