ജല അതോറിട്ടിക്ക് 2391 കോടി രൂപയുടെ നഷ്ടം,​ സംസ്ഥാനത്ത് വെള്ളക്കരം കൂട്ടും,​ ലിറ്ററിന് ഒരു പൈസ നിരക്കിൽ വർദ്ധിപ്പിക്കാൻ എൽ ഡി എഫ് അനുമതി നൽകി

Friday 13 January 2023 7:11 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ശുപാർശയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നൽകി. ഒരു ലിറ്രറിന് ഒരു പൈസ നിരക്കിലാണ് വെള്ളക്കരം വർദ്ധിപ്പിക്കുന്നത്. വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് സർക്കാരിനെ സമീപിച്ചിരുന്നു. ജനരോഷം ഉയരാൻ സാദ്ധ്യതയുള്ള വിഷയമായതിനാൽ തീരുമാനം ഇടതു മുന്നണിയിൽ ചർച്ച ചെയ്തെടുക്കാൻ സർക്കാർ തീരുമാനിച്ചു.

ഇന്ന് ചേർന്ന ഇടതുമുന്നണി യോഗം ശുപാർശ പരിശോധിച്ച് നിരക്ക് വർദ്ധിപ്പിക്കാൻ അനുമതി നൽകുകയായിരുന്നുവെന്ന് കൺവീനർ ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബി.പി.എൽ കുടുംബങ്ങളെ വർദ്ധനയിൽ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജല അതോറിട്ടിക്ക് 2391 കോടി രൂപയുടെ നഷ്ടം ഉണ്ട്. നിലവിൽ ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ജല അതോറിട്ടിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ വെള്ളക്കരം കൂട്ടണമെന്ന ശുപാർശ അംഗീകരിക്കുകയായിരുന്നുവെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.

Advertisement
Advertisement