വെള്ളക്കരം മിനിമം പത്തുരൂപ കൂടും , ആയിരം ലിറ്ററിന് മുകളിൽ സ്ലാബ് അടിസ്ഥാനത്തിൽ വർദ്ധന

Friday 13 January 2023 8:52 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളക്കരം കൂട്ടണമെന്ന ജലവിഭവ വകുപ്പിന്റെ ശുപാർശ എൽ.ഡി.എഫ് യോഗം അംഗീകരിച്ചിരുന്നു. എൽ.ഡി.എഫ് തീരുമാനത്തിന് മന്ത്രിസഭാ യോഗവും അംഗീകാരം നൽകിയാൽ വെള്ളക്കരം മിനിമം പത്തുരൂപ വരെ വർദ്ധിച്ചേക്കും. ആയിരം ലിറ്ററിന് മുകളിൽ സ്ലാബ് അടിസ്ഥാനത്തിലായിരിക്കും വർദ്ധന. അടുത്ത മന്ത്രിസഭാ യോഗത്തിൽ വെള്ളക്കരം കൂട്ടാനുള്ള തീരുമാനം ഉണ്ടായേക്കും

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് വെള്ളക്കരം കൂട്ടണമെന്ന ജലവിഭവ വകുപ്പിന്റെ ശുപാർശയ്ക്ക് അംഗീകാരം നൽകിയത്. ഒരു ലിറ്ററിന് ഒരു പൈസ നിരക്കിൽ വെള്ളക്കരം വർദ്ധിപ്പിക്കണമെന്നാണ് ശുപാർശ നൽകിയത്. ജല അതോറിട്ടിക്ക് 2391 കോടി രൂപയുടെ നഷ്ടം ഉണ്ടെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു . നിലവിൽ ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ജല അതോറിട്ടിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ വെള്ളക്കരം കൂട്ടണമെന്ന ശുപാർശ അംഗീകരിക്കുകയായിരുന്നുവെന്ന് ഇ.പി. ജയരാജൻ വ്യക്തമാക്കി. ബി.പി.എൽ കുടുംബങ്ങളെ വർദ്ധനയിൽ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.