യു.ഡി.എഫ് ഉപരോധം, കായംകുളം നഗരസഭയിൽ അക്രമം,​ അദ്ധ്യക്ഷയുടെ കൈ തല്ലിയൊടിച്ചു

Saturday 14 January 2023 12:26 AM IST

കായംകുളം: കായംകുളം നഗരസഭാ ഓഫീസിൽ അഴിമതിയും ഭരണസ്തംഭനവും ആരോപിച്ച് യു.ഡി.എഫ് നടത്തുന്ന ഉപരോധം അവഗണിച്ച് സി.ഡി.എസ് ഹാളിൽ ചെയർപേഴ്സൺ പി. ശശികല വിളിച്ച യോഗത്തിലേക്ക് ഇരച്ചെത്തിയ പ്രവർത്തകർ അവരുടെ വലതു കൈ തല്ലിയൊടിച്ചു. കോൺഗ്രസ് കൗൺസിലർമാരായ കെ.പുഷ്പദാസ്, അംബിക എന്നിവർക്കും ഏതാനും ജീവനക്കാർക്കും പരിക്കേറ്റു. ഇവരെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 യു.ഡി.എഫ് കൗൺസിലർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെയായിരുന്നു സംഘർഷം. അമൃതം കുടിവെള്ള പദ്ധതി ചർച്ചയ്‌ക്കാണ് ചെയർപേഴ്സൺ കളക്ടറേറ്റിലെയും വാട്ടർ അതോറിട്ടിയിലെയും എൻജിനീയർമാരുടെ യോഗം വിളിച്ചത്. യു.ഡി.എഫ് ഉപരോധം കാരണം ചെയർപേഴ്സണിന്റെയോ സെക്രട്ടറിയുടെയോ മുറിയിൽ പ്രവേശിക്കാനായില്ല. നഗരസഭാ മന്ദിരത്തോട് ചേർന്നുള്ള സി.ഡി.എസ് ഹാളിൽ യോഗം നടക്കവേ യു.ഡി.എഫ് കൗൺസിലർമാർ ഇരച്ചെത്തി കസേര എടുത്തെറിഞ്ഞ് അലങ്കോലമാക്കി.

കസേരകൊണ്ടുള്ള അടിയിലാണ് പി. ശശികലയ്ക്കും മറ്റുള്ളവർക്കും പരിക്കേറ്റത്. മറ്റുള്ളവരുടെ പരിക്ക് നിസാരമാണ്.

സംഘർഷത്തിനിടെ ചെയർപേഴ്സണെ അപമാനിക്കാൻ ശ്രമം നടന്നെന്ന് എൽ.ഡി.എഫ് ആരോപിച്ചു. പൊലീസാണ് ശശികലയെ ആശുപത്രിയിലെത്തിച്ചത്.

നഗരസഭയിലെ അസി. എൻജിനീയർ ദീർഘകാല അവധിയിൽ പ്രവേശിച്ചതോടെ മരാമത്ത് പണികൾ സ്തംഭനത്തിലായിരുന്നു. പകരം എ.ഇയെ നിയമിച്ചില്ല. ഇതിന്റെ പേരിലാണ് യു.ഡി.എഫ് സമരം.

അക്രമത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫും യു.ഡിഎഫും നഗരത്തിൽ പ്രകടനം നടത്തി.

പൊലീസ് സ്റ്റേഷനിൽ ദേഹാസ്വസ്ഥ്യം ഉണ്ടായതോടെ കോൺഗ്രസ് കൗൺസിലർ കെ.പുഷ്പദാസിനെ ആശുപത്രിയിലാക്കി. ഇത് ആശുപത്രിയിൽ നേരിയ സംഘർഷമുണ്ടാക്കി. ഇന്നലെ വൈകിട്ട് കായംകുളത്ത് മന്ത്രി ശിവൻകുട്ടിയുടെ പരിപാടി ഉണ്ടായിരുന്നതിനാൽ സംഘർഷ സാദ്ധ്യത ഒഴിവാക്കാൻ യു.ഡി.എഫ് കൗൺസിലർമാരെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. അക്രമത്തിൽ പൊലീസ് മൂന്ന് കേസ് രജിസ്റ്റർ ചെയ്തു. ചെയർപേഴ്സണിനെ ആക്രമിച്ചതിനും അപമാനിച്ചതിനും, കൗൺസിലറെയും ജീവനക്കാരെയും ആക്രമിച്ചതിനുമാണ് കേസെന്ന് കായംകുളം സി.ഐ പറഞ്ഞു.

Advertisement
Advertisement