ലോകസാമ്പത്തിക ഫോറം: ഇന്ത്യയുടെ സംഘത്തിൽ നാല് കേന്ദമന്തിമാരും 3 മുഖ്യമന്തിമാരും
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ നേതാക്കളും ആഗോള വ്യവസായപ്രമുഖരും സംബന്ധിക്കുന്ന ലോക സാമ്പത്തികഫോറം (ഡബ്ള്യു.ഇ.എഫ്) സ്വിറ്റ്സർലൻഡിലെ ദാവോസിൽ നാളെ മുതൽ 20 വരെ നടക്കും. കാലാവസ്ഥാ വ്യതിയാനം, റഷ്യ-യുക്രെയിൻ യുദ്ധം, സാമ്പത്തിക, ഊർജ, ഭക്ഷ്യമേഖലകളിലെ പ്രതിസന്ധികൾ എന്നിവയാണ് ഇക്കുറി ഫോറം മുഖ്യമായും ചർച്ച ചെയ്യുക. ബിസിനസ് രംഗത്തുനിന്ന് എക്കാലത്തെയും ഉയർന്ന പ്രാതിനിദ്ധ്യമാണ് ഇത്തവണയുണ്ടാവുക. 700 സ്ഥാപനങ്ങളിൽ നിന്നായി 1,500ഓളം പേർ സംബന്ധിക്കും. ധനകാര്യം, ഊർജം, ലോഹം, അടിസ്ഥാനസൗകര്യം, ഐ.ടി തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ 600ഓളം സി.ഇ.ഒമാരും പങ്കെടുക്കും. 'വിഘടിച്ച ലോകത്തിലെ സഹകരണം" എന്നതാണ് ഇക്കുറി ഉച്ചകോടിയുടെ വിഷയം. 130 രാജ്യങ്ങളിൽ നിന്നായി 2,700ഓളം നേതാക്കളാണ് ഉച്ചകോടിയിൽ സംബന്ധിക്കുന്നത്. ഇതിൽ 52 പേർ രാഷ്ട്രത്തലവന്മാരാണ്.
കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണോ, സ്മൃതി ഇറാനി, ആർ.കെ.സിംഗ്, മൻസൂഖ് മാണ്ഡവ്യ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, തമിഴ്നാട്, തെലങ്കാന മന്ത്രിമാർ തുടങ്ങിയവർ ഇന്ത്യൻ സംഘത്തിലുണ്ട്. വ്യവസായരംഗത്ത് നിന്ന് മുകേഷ് അംബാനി, ഗൗതം അദാനി, എൻ.ചന്ദ്രശേഖരൻ, കുമാർ മംഗളം ബിർള, അഡാർ പൂനാവാല, എം.എ.യൂസഫലി തുടങ്ങിയവർ പങ്കെടുക്കും.